കാമ്പയിൻ തുടങ്ങാൻ രണ്ട് നാൾ മാത്രം: നാടുകടത്തൽ കേന്ദ്രങ്ങളിൽ ഒരുക്കം തകൃതി
text_fieldsജിദ്ദ: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയിെൻറ ഭാഗമായി തൊഴിൽ താമസ നിയമലംഘകരെ സ്വീകരിച്ച് നാട്ടിലേക്കയക്കാൻ സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ ഒരുക്കം തകൃതി. മാർച്ച് 29^ന് ആരംഭിച്ച് 90 ദിവസം നീളുന്ന കാമ്പയിനിൽ ഡിപോർട്ടേഷൻ കേന്ദ്രം വഴി വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് നിയമലംഘകർ സ്വദേശത്തേക്ക് തിരിച്ചു പോകാനെത്തുമെന്നതിനാൽ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതർ. ചില മേഖലകളിൽ പാസ്പോർട്ട് വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവയുമായി സഹകരിച്ച് കാമ്പയിനാവശ്യമായ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
വിവിധ മേഖലകളിലായി ഏകദേശം 98 ഓളം അഭയ കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. മക്ക മേഖലയിൽ നാല് കേന്ദ്രങ്ങളുണ്ട്. ഇതിലേറ്റവും വലുതാണ് 2.5 ബില്യൺ ചെലവഴിച്ച് നിർമിച്ച മക്ക റോഡിലെ ശുമൈസി കേന്ദ്രം. 46 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ സമുച്ചയം രണ്ട് വർഷം മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. ജിദ്ദ, മക്ക ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന നിയമലംഘകരെ ഈ കേന്ദ്രത്തിലാണ് താമസിപ്പിക്കുന്നത്. വിപുലമായ സൗകര്യങ്ങളോടെയുള്ള 2.5 ദശലക്ഷം ചതുരശ്ര മീറ്റർ കേന്ദ്രത്തിന് 32000 പേരെ ഉൾക്കൊള്ളാൻ കഴിയും. താമസത്തിനും തിരിച്ചുപോക്ക് നടപടികൾ എളുപ്പമാക്കാനുമാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങൾ കേന്ദ്രത്തിന് കീഴിലുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ താമസ സ്ഥലങ്ങളാണ്.
ഒരോ രാജ്യക്കാർക്കും പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ്, പാസ്പോർട്ട്, ട്രാഫിക്, കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവയുടെ ഓഫീസുകൾ, ബന്ധപ്പെട്ട മറ്റ് സേവന വകുപ്പ് ഓഫീസുകൾ, സ്വീകരണ ഹാൾ, വിരലടയാള ഹാൾ, കോൺസുലേറ്റ് സേവനങ്ങൾക്കായി ഓഫീസുകൾ, മെഡിക്കൽ സെൻറർ, പള്ളി, കോടതി, ലോൺട്രി, റൊട്ടി നിർമാണ കേന്ദ്രം, പാചക കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണിത്. 13200 ചതുരശ്ര മീറ്ററിലാണ് ഭക്ഷണ ശാല. ഒരേ സമയം 150000 ഭക്ഷണപൊതികൾ തയാറാക്കാൻ സൗകര്യമുണ്ട്. ഇതിനാവശ്യമായ ജോലിക്കാരും കേന്ദ്രത്തിലുണ്ട്. അതേ സമയം നിയമലംഘകർക്ക് പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള കാമ്പയിൻ ആരംഭിക്കാൻ രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കീഴിലും ആവശ്യയായ നടപടികൾ പൂർത്തിയായി വരികയാണ്. നിയമലംഘകർക്ക് തിരിച്ചുപോകാനുള്ള സൗകര്യങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധ സേവന സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഹെൽപ് ഡെസ്കുകളൊരുക്കാനും പരിപാടിയുണ്ട്.
എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫോമുകൾ വാട്ട്സ് ആപ്പ് മുഖേനയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തെ 28 കര,കടൽ, വ്യാമ പ്രവേശന കവാടങ്ങളിലും നിയമലംഘകരുടെ തിരിച്ചുപോക്ക് നടപടികൾ എളുപ്പമാക്കാൻ പാസ്പോർട്ട് വകുപ്പ് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. ഹജ്ജ്, ഉംറ, സന്ദർശന വിസകളിലെത്തി നിശ്ചിത സമയത്ത് തിരിച്ചുപോകാതെ രാജ്യത്ത് കഴിയുന്നവർക്ക് പ്രവേശന കവാടങ്ങളിൽ നേരിട്ടെത്തിയാൽ തിരിച്ചുപോകാമെന്ന് സൗദി പാസ്പോർട്ട് മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ഡിപോർട്ടേഷൻ കേന്ദ്രങ്ങൾക്ക് പുറമെ ആവശ്യമാണെങ്കിൽ പ്രത്യേക കേന്ദ്രങ്ങൾ തുറക്കുമെന്നും പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
