ആരോഗ്യ നഗരങ്ങളുടെ എണ്ണത്തിൽ സൗദി അറേബ്യ മുന്നിൽ; ഡബ്ല്യു.എച്ച്.ഒ അംഗീകാരമുള്ള നഗരങ്ങൾ 21 ആയി ഉയർന്നു
text_fieldsറിയാദ്: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) അംഗീകാരമുള്ള ആരോഗ്യ നഗരങ്ങളുടെ എണ്ണത്തിൽ പശ്ചിമേഷ്യൻ, ഉത്തരാഫ്രിക്കൻ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി അറേബ്യ. അബഹ, മഹാഇൽ അസീർ, ത്വരീബ്, കിങ് ഖാലിദ് സർവകലാശാല സിറ്റി എന്നിവ കൂടി പട്ടികയിൽ ഇടംപിടിച്ചതോടെ രാജ്യത്തെ അംഗീകൃത ആരോഗ്യ നഗരങ്ങളുടെ എണ്ണം 21 ആയി ഉയർന്നു.മനുഷ്യെൻറ ആരോഗ്യത്തിനും ജീവിതനിലവാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സുസ്ഥിര നഗരങ്ങൾ യാഥാർഥ്യമാക്കുന്നതിൽ സൗദി അറേബ്യ കൈവരിച്ച നേതൃപാടവത്തിെൻറ സാക്ഷ്യപത്രമാണ് ഈ നേട്ടം.
ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതം ഉറപ്പുനൽകുന്ന മികച്ചൊരു സമൂഹം പടുത്തുയർത്തുക എന്ന ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളുടെ വിജയം കൂടിയാണിത്. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ നിരന്തരമായ ശ്രമങ്ങളും പൊതുആരോഗ്യത്തിനായുള്ള മന്ത്രിതല സമിതിയുടെ ഇടപെടലുകളും വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിതമായ പ്രവർത്തനങ്ങളുമാണ് ഈ ദ്രുതഗതിയിലുള്ള പുരോഗതിക്ക് വഴിയൊരുക്കിയത്.
ഒമ്പത് പ്രധാന മേഖലകളിലായുള്ള 80 അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിനെ തുടർന്നാണ് സൗദിയിലെ നഗരങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. സമൂഹത്തെ ആരോഗ്യ-വികസന പ്രവർത്തനങ്ങൾക്ക് സജ്ജമാക്കൽ, വിവിധ മേഖലകൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും, കമ്യൂണിറ്റി ഇൻഫർമേഷൻ സെൻററുകളുടെ പ്രവർത്തനം, നൈപുണ്യ വികസനവും ശേഷിവർധനവും, ആരോഗ്യ സേവനങ്ങൾ, നഗര പരിസ്ഥിതി, അത്യാഹിത ഘട്ടങ്ങളിലെ സന്നദ്ധതയും പ്രതികരണവും, വിദ്യാഭ്യാസം, ചെറുകിട സംരംഭങ്ങൾക്കുള്ള പിന്തുണ എന്നിവയാണ് ഈ പ്രധാന മേഖലകൾ.
ജനപങ്കാളിത്തം ഉറപ്പാക്കൽ, ആരോഗ്യ സേവനങ്ങളുടെ വികസനം, പരിസ്ഥിതി ശുചിത്വം, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജത എന്നിവ വ്യാപിപ്പിക്കാൻ സൗദിക്കായതിെൻറ പ്രതിഫലനമാണ് അംഗീകൃത നഗരങ്ങളുടെ ഈ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

