ഡിജിറ്റൽ ഗവേണൻസിൽ വീണ്ടും സൗദി അറേബ്യ മുന്നിൽ
text_fieldsസൗദി ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി ആസ്ഥാനം
ജിദ്ദ: ഡിജിറ്റൽ ഗവേണൻസ് രംഗത്ത് ആഗോളതലത്തിൽ ഉന്നത നേട്ടം തുടരുകയാണ് സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ പുറത്തുവിട്ട 2025-ലെ ഇ-ഗവൺമെൻറ് ആൻഡ് മൊബൈൽ സർവിസസ് മെച്യൂരിറ്റി ഇൻഡക്സിൽ, മിഡിലീസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നിലനിർത്തി.
തുടർച്ചയായി നാലാം തവണയാണ് 96 ശതമാനം മെച്യൂരിറ്റി റേറ്റോടെ രാജ്യം ഈ സൂചികയിൽ പ്രഥമസ്ഥാനം കരസ്ഥമാക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ ഗവൺമെൻറ് സംവിധാനത്തിെൻറ സുസ്ഥിര വളർച്ചയും പ്രാദേശികതലത്തിലുള്ള മുൻതൂക്കവുമാണ് ഈ ചരിത്രനേട്ടത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്. ഭരണനേതൃത്വം നൽകുന്ന പൂർണ പിന്തുണയാണ് ഗുണഭോക്താക്കൾക്ക് മുൻഗണന നൽകുന്നതും, കാര്യക്ഷമവും, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതുമായ ഒരു സമഗ്ര ഡിജിറ്റൽ മോഡൽ കെട്ടിപ്പടുക്കാൻ സഹായിച്ചതെന്ന് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് അൽ സുവയാൻ പറഞ്ഞു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസും പുതിയ സാങ്കേതികവിദ്യകളും വേഗത്തിൽ സ്വീകരിച്ചതാണ് രാജ്യത്തെ ഈ വലിയ മുന്നേറ്റത്തിലേക്ക് നയിച്ചത്. മേഖലയിലെ 17 രാജ്യങ്ങളിലെ 100 പ്രധാന സർക്കാർ സേവനങ്ങളെ വിലയിരുത്തി തയാറാക്കിയ പട്ടികയിലാണ് സൗദി മികച്ച നേട്ടം കൊയ്തത്.
മൂന്ന് ഉപസൂചികകളിൽ ‘സേവനങ്ങളുടെ ലഭ്യതയും വികസനവും’, ‘പബ്ലിക് ആക്സസ്’ എന്നീ വിഭാഗങ്ങളിൽ നൂറുശതമാനം നേട്ടവും, ‘സേവന ഉപയോഗവും ഉപഭോക്താക്കളുടെ സംതൃപ്തിയും’ എന്ന വിഭാഗത്തിൽ 99 ശതമാനം നേട്ടവും രാജ്യം കൈവരിച്ചു.
സിവിൽ സർവിസ്, നീതിന്യായ മേഖല, ആരോഗ്യം, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം വിപ്ലവകരമായ ഡിജിറ്റൽ മാറ്റങ്ങളാണ് ഇതിലൂടെ സാധ്യമായിട്ടുള്ളത്. പാസ്‌പോർട്ട്, ഐഡി കാർഡ് പുതുക്കൽ, സിവിൽ രജിസ്ട്രേഷനുകൾ, പേപ്പർ രഹിത കോടതി നടപടികൾ, ടെലി-മെഡിസിൻ സേവനങ്ങൾ എന്നിവയെല്ലാം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തിൽ ലഭ്യമാക്കി. ഭിന്നശേഷിക്കാർക്ക് അടക്കം സുരക്ഷിതമായും തടസ്സമില്ലാതെയും സേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിന് കരുത്തേകി.
ലോകബാങ്ക് ഗ്രൂപ്പിെൻറ 2025-ലെ ഡിജിറ്റൽ ഗവൺമെൻറ് ഡെവലപ്‌മെൻറ് ഇൻഡക്സിലെ മിന്നുന്ന പ്രകടനത്തിനും, ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തത്തോടെ ഗ്ലോബൽ സെൻറർ ഫോർ ഡിജിറ്റൽ ഗവൺമെൻറിെൻറ ആസ്ഥാനമായി റിയാദ് തിരഞ്ഞെടുക്കപ്പെട്ടതിനും പിന്നാലെയെത്തുന്ന ഈ നേട്ടം, ആഗോളതലത്തിൽ സൗദിയുടെ ശക്തമായ ഡിജിറ്റൽ സാന്നിധ്യം ഒരിക്കൽകൂടി ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

