Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽ അവകാശങ്ങൾക്ക്...

തൊഴിൽ അവകാശങ്ങൾക്ക് കരുതലായി സൗദിയിൽ ഏകീകൃത തൊഴിൽ കരാർ; വേതനം നിഷേധിക്കപ്പെട്ടാൽ ജീവനക്കാർക്ക് കോടതിയെ സമീപിക്കാം

text_fields
bookmark_border
Saudi Arabia
cancel
camera_alt

റിയാദിൽ നടന്ന ഏകീകൃത തൊഴിൽ കരാർ പ്രഖ്യാപന ചടങ്ങിൽ നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദ്, മാനവ വിഭവശേഷി, സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈൻ എന്നിവർ

റിയാദ്: സൗദി അറേബ്യയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കി രാജ്യത്തെ തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഏകീകൃത തൊഴിൽ കരാർ നിലവിൽ വന്നു.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സൗദി തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്താനും, നിയമപരമായ അവകാശങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ കരാർ അവതരിപ്പിച്ചത്. നീതിന്യായ മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ഈ സുപ്രധാന പദ്ധതിക്ക് തുടക്കം കുറിച്ചത്. റിയാദിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദ്, മാനവ വിഭവശേഷി, സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈൻ എന്നിവർ പങ്കെടുത്തു.

നിയമപരമായി നടപ്പാക്കാവുന്ന എക്സിക്യൂട്ടീവ് രേഖയായി അംഗീകരിക്കപ്പെടുന്നു എന്നതാണ് ഏകീകൃത തൊഴിൽ കരാറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഇതിലൂടെ തൊഴിലാളികൾക്ക് കരാറനുസരിച്ചുള്ള തങ്ങളുടെ വേതനം നിഷേധിക്കപ്പെട്ടാൽ അധിക രേഖകളോ ദീർഘമായ കോടതി വ്യവഹാരമോ ഇല്ലാതെ വേതനം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയെ നേരിട്ട് സമീപിക്കാൻ കഴിയും. വേഗത്തിലുള്ള നീതി ഉറപ്പാക്കാനും കോടതികളിലെ തർക്കങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. എല്ലാ തൊഴിൽ കരാറുകൾക്കും ഒരേ മാതൃക നൽകുന്നതിനാൽ വിവിധ മേഖലകളിലെ തൊഴിൽ നിയമങ്ങളിൽ ഏകീകൃത സ്വഭാവം ഉറപ്പാക്കുന്നു. കരാറിൽ തൊഴിലാളിയുടെ വേതനം കൃത്യമായി രേഖപ്പെടുത്താൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇത് വേതനം സംബന്ധിച്ച തർക്കങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.

ഖിവ, നാജിസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി കരാർ സംയോജിപ്പിച്ചിരിക്കുന്നതിനാൽ രജിസ്‌ട്രേഷനും പരിശോധനയും എളുപ്പമാകും. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഖിവ (https://www.qiwa.sa), നാജിസ് (https://www.najiz.sa) എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഏകീകൃത തൊഴിൽ കരാർ സൃഷ്ടിക്കാനും രജിസ്റ്റർ ചെയ്യാനും മാനേജ് ചെയ്യാനും കഴിയും. ഏകീകൃത തൊഴിൽ കരാർ സൗദി തൊഴിൽ വിപണിയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. വ്യക്തവും നിയമപരമായി നടപ്പാക്കാവുന്നതുമായ കരാറുകൾ നിലവിൽ വരുന്നതോടെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള വിശ്വാസം വർധിക്കും. ഇത് രാജ്യത്തെ കൂടുതൽ സുതാര്യവും ആകർഷകവുമായ നിക്ഷേപ അന്തരീക്ഷമാക്കി മാറ്റാൻ സഹായിക്കും. തൊഴിലവകാശങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് വ്യക്തമായ ധാരണ ലഭിക്കുന്നതിലൂടെ അവർ കൂടുതൽ ഊർജ്ജസ്വലരും കാര്യക്ഷമതയോടെ ജോലി ചെയ്യുന്നവരുമായി മാറുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി നിയമപരവും ഭരണപരവുമായ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment contractSaudi ArabiaLatest NewsDomesticWorkersRights
News Summary - Saudi Arabia launches Unified Employment Contract to protect workers’ rights
Next Story