‘എയ്റോ പാർക്ക്’; വിമാന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ജിദ്ദയിൽ വ്യവസായ നഗരം
text_fieldsവിമാന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ജിദ്ദയിൽ വ്യവസായ നഗരമായ ‘എയ്റോ പാർക്ക്’ കരാർ കൈമാറ്റ ചടങ്ങ്
ജിദ്ദ: വിമാന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ആദ്യത്തെ വ്യാവസായിക നഗരം ജിദ്ദയിൽ ആരംഭിച്ചു. ജിദ്ദയിൽ നടന്ന ഏവിയേഷൻ ഇൻഡസ്ട്രി ഫോറത്തിൽ വ്യവസായ, ധാതുവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ‘എയ്റോ പാർക്ക്’ എന്ന പേരിലാണ് വ്യവസായിക നഗരം അറിയപ്പെടുക. വിമാന നിർമാണത്തിനും അറ്റകുറ്റപണികൾക്കും മാത്രമായുള്ള സൗദിയിലെ ആദ്യത്തെ വ്യവസായ നഗരമാണിത്. 12 ലക്ഷം ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള നഗരം എല്ലാ വ്യോമയാന സേവനങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നതാണ്. സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും നിരവധി ഫാക്ടറികളും ഇതിലുൾപ്പെടും.
ഫോറത്തിൽ വിമാനങ്ങളുടെ മെയിന്റനൻസിനുള്ള വ്യവസായിക ലൈസൻസുകളുടെ വിതരണവും നടന്നു. ആദ്യ ലൈസൻസ് മിഡിൽ ഈസ്റ്റ് എയർക്രാഫ്റ്റ് എൻജിൻസ് കമ്പനി ലിമിറ്റഡിന് കൈമാറി.
സൗദി എയർലൈൻസ് എൻജിനീയറിങ് ആൻഡ് ഏവിയേഷൻ മാനുഫാക്ചറിങ് കമ്പനിക്കാണ് രണ്ടാമത്തെ ലൈസൻസ്. സൗദിയിൽ വിമാനങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും ഒരു വ്യവസായിക നഗരം സ്ഥാപിക്കുന്നത് എല്ലാ സേവനങ്ങളും നൽകാനും അതിനനുസരിച്ച് വ്യോമയാന ചെലവ് കുറക്കാനും സഹായിക്കുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി സമയം കുറക്കാനും ഇത് സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
രണ്ടുദിവസം നീണ്ടുനിന്ന സൗദി ഏവിയേഷൻ ഇൻഡസ്ട്രി ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും ചൊവ്വാഴ്ച സമാപിച്ചു. വ്യോമയാന വ്യവസായ മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ സംഘം പങ്കെടുത്തു. സൗദിയിലെ വ്യോമയാന വ്യവസായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആകർഷകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഫോറം സാക്ഷ്യം വഹിച്ചു.
ഫോറത്തിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വ്യവസായ-ധാതുവിഭവ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സൗദി ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെ നാഷനൽ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആണ് ഫോറം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

