സൗദി ഇൻഷുറൻസ് മേഖലയിൽ നിയമപരിഷ്കാരം; ആദ്യ ‘ജുഡീഷ്യൽ പ്രിൻസിപ്പിൾസ് കോഡ്’ പുറത്തിറക്കി
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഇൻഷുറൻസ് വിപണിയിൽ സുതാര്യതയും നിയമപരമായ ഏകീകരണവും ഉറപ്പാക്കുന്നതിനായി ചരിത്രപരമായ ചുവടുവെപ്പുമായി അധികൃതർ. ഇൻഷുറൻസ് തർക്കങ്ങളും നിയമലംഘനങ്ങളും പരിഹരിക്കുന്നതിനുള്ള കമ്മിറ്റികളുടെ ജനറൽ സെക്രട്ടേറിയറ്റ് (ഇൻഷുറൻസ് അതോറിറ്റി), രാജ്യത്തെ ആദ്യത്തെ ‘ജുഡീഷ്യൽ പ്രിൻസിപ്പിൾസ് ആൻഡ് പ്രെസിഡന്റ്സ് കോഡ്’ പ്രസിദ്ധീകരിച്ചു. ഇൻഷുറൻസ് കേസുകളിലെ വിധിപ്രസ്താവനകളിൽ കൃത്യതയും ഏകരൂപവും കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ കോഡ് നിലവിൽ വരുന്നതോടെ ഇൻഷുറൻസ് സംബന്ധമായ കേസുകൾ കോടതികളിൽ നീണ്ടുപോകുന്നത് ഒഴിവാക്കാൻ സാധിക്കും. ഇത് കേസ് നടത്തുന്നവരുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കും. ഇൻഷുറൻസ് നിയമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിലൂടെ ഇടപാടുകാർക്ക് ഈ മേഖലയിലുള്ള വിശ്വാസം വർധിപ്പിക്കാനും പുതിയ നീക്കം വഴിയൊരുക്കും. മുൻകാലങ്ങളിൽ അപ്പീൽ കമ്മിറ്റികൾ എടുത്ത സുപ്രധാന തീരുമാനങ്ങളും നിയമതത്വങ്ങളുമാണ് ഈ കോഡിൽ ക്രോഡീകരിച്ചിരിക്കുന്നത്. സമാനമായ കേസുകളിൽ ഒരേ രീതിയിലുള്ള ജുഡീഷ്യൽ സമീപനം സ്വീകരിക്കാൻ ഇത് സഹായിക്കും. നിയമവ്യാഖ്യാനങ്ങളിലെ അവ്യക്തതകൾ നീങ്ങുന്നതോടെ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും.
ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള കരാർ ബന്ധങ്ങൾ കൂടുതൽ വ്യക്തമാകുന്നതോടെ തർക്കങ്ങൾ ഗണ്യമായി കുറയും. ഈ നേട്ടം ഇൻഷുറൻസ് തർക്ക പരിഹാര സംവിധാനങ്ങളുടെ വികസനത്തിലെ സുപ്രധാന ഘട്ടമാണെന്ന് സെക്രട്ടറി ജനറൽ അഹമ്മദ് അൽ-ഖുസൈർ പറഞ്ഞു. ഇൻഷുറൻസ് കരാറുകളുടെ സ്വഭാവം ശരിയായി മനസ്സിലാക്കാനും ഉപഭോക്താക്കൾക്ക് തങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. സൗദി അറേബ്യയുടെ ദേശീയ ഇൻഷുറൻസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ നടപടി. ഇത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇൻഷുറൻസ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും സഹായകമാകും.
ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേകമായി രൂപവത്കരിച്ച ജുഡീഷ്യൽ കമ്മിറ്റികളാണ് ഈ പുതിയ നിയമസംഹിത പ്രയോഗത്തിൽ വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

