സൗദി സൈബർ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട രാജ്യം
text_fieldsയാംബു: മധ്യപൗരസ്ത്യ മേഖലയിൽ സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യമായി സൗദി അറേബ്യ മാറുന്നതായി റിപ്പോർട്ടുകൾ. 2021ലെ ആദ്യ രണ്ടു മാസത്തെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ ഈ വസ്തുത വ്യക്തമാകുന്നതായി വിവരസാങ്കേതിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ആദ്യ രണ്ടു മാസങ്ങളിൽ തന്നെ ഏഴു ദശലക്ഷം സൈബർ ആക്രമണങ്ങൾ രാജ്യം നേരിട്ടതായി സൈബർ സുരക്ഷ സ്ഥാപനമായ 'കാസ്പെർസ്കി' വെളിപ്പെടുത്തുന്നു. 2020ൽ സൗദി അറേബ്യയിൽ 22.5 ദശലക്ഷത്തിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സൈബർ ആക്രമണം വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗദി നാഷനൽ സെൻറർ ഫോർ സൈബർ സെക്യൂരിറ്റി സൂചന നൽകുന്നുണ്ട്.
സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ ശക്തമായ സംവിധാനം ഒരുക്കുന്നതിൽ സൗദി അറേബ്യ ഏറെ ജാഗ്രത പുലർത്തുന്നു. ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് വൻ നഷ്ടങ്ങളുണ്ടാക്കാൻ സൈബർ ആക്രമണങ്ങൾ ഹേതുവാകുന്നുവെന്നും മൊത്തം സൈബർ ആക്രമണത്തിൽ 18 ശതമാനം വിജയം കാണുന്നതായും പറയുന്നു. സൈബർ ആക്രമണത്തെ നേരിടാൻ പലതരം തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഹാക്കർമാരുടെ കുതന്ത്രം ഏറെ സങ്കീർണത ഉണ്ടാക്കുന്നു. ഇൻറർനെറ്റ് ഉപയോക്താക്കളുടെ ഭീഷണിക്ക് പരിഹാരം കാണാനും വൈറസ് ആക്രമണത്തിൽനിന്നുള്ള സംരക്ഷണം ഉറപ്പുവരുത്താനും സാങ്കേതിക രംഗത്ത് ഇനിയും ആസൂത്രണം അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇൻറർനെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിലുണ്ടായ വർധന സൈബർ ആക്രമണങ്ങൾ കൂടാൻ കാരണമാണ്. ജനസംഖ്യയിൽ പകുതിയും ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 70 ശതമാനം പേരും സ്മാർട്ട് ഫോണുള്ളവരാണ്. 90 ശതമാനം പേരും വിവരങ്ങൾ പരതാനും 80 ശതമാനം പേരും ഉൽപന്നങ്ങൾ കണ്ടെത്താനും ഇൻറർനെറ്റും സ്മാർട്ട് ഫോണുമാണ് ഉപയോഗിക്കുന്നത്. ഈ സഹചര്യത്തിലാണ് സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത വർധിക്കുന്നത്.
വിവിധ രീതിയിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരാളുടെ ഡിവൈസോ അക്കൗണ്ടോ ഹാക്ക് ചെയ്യാൻ ബ്രൂട്ട് ഫോഴ്സ് അറ്റാക്ക്, മാൽവെയർ അറ്റാക്ക് തുടങ്ങിയ രീതികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ ഡേറ്റ ചോർത്താനും ഒരാളുടെ പാസ്വേഡുകൾക്ക് സാമ്യമായി മറ്റൊരു പാസ്വേഡ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനുമുള്ള ശ്രമങ്ങൾ ബ്രൂട്ട് ഫോഴ്സ് വഴി നടക്കുന്നു. മാല്‍വെയര്‍ അറ്റാക്കില്‍ ചില സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് ഡിവൈസുകളിലോ മറ്റു അക്കൗണ്ടുകളിലോ കടന്നുകയറി ഡേറ്റ ചോര്‍ത്തുന്നു. എന്നാല്‍, മറ്റു രീതിയിലും ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടാം. ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
സൈബർ സുരക്ഷ സംവിധാനങ്ങളുടെ അനിവാര്യത കൂടുതൽ ജാഗ്രതയോടെ എല്ലാവരും ഏറ്റെടുക്കേണ്ട സമകാലീന സന്ദർഭമാണിതെന്ന് സൗദി സൈബർ സുരക്ഷ വിദഗ്ധൻ അബ്ദുല്ല അൽ ഗുമൈജാൻ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൈബർ കുറ്റവാളികൾ അവരുടെ ആക്രമണം തുടരുമെന്നും അതിനാൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നവർ സൈബർ സുരക്ഷയെ കുറിച്ച് അവബോധമുണ്ടാകേണ്ടതും പ്രതിരോധ നടപടികളിൽ ശ്രദ്ധ കൊടുക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

