ഭക്ഷ്യസുരക്ഷാ രംഗത്ത് ലോകത്തിന് കരുതലായി സൗദി അറേബ്യ; ജിബൂട്ടിയിലും ഗിനിയയിലും സഹായ പദ്ധതികൾക്ക് തുടക്കം
text_fieldsവിവിധ രാജ്യങ്ങളിൽ കെ.എസ്.റിലീഫിെൻറ നേതൃത്വത്തിൽ ജീവകാരുണ്യ സഹായം എത്തിച്ചപ്പോൾ
യാംബു: ലോകമെമ്പാടുമുള്ള ദുർബല വിഭാഗങ്ങൾക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്). ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടിയിലും ഗിനിയയിലും ഭക്ഷ്യസഹായ പദ്ധതികൾ ഊർജിതമാക്കി. 2026-ലെ ആഗോള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളിലും സഹായമെത്തിക്കുന്നത്.
ജിബൂട്ടിയിൽ നടന്ന ചടങ്ങിൽ സൗദി അംബാസഡർ മുട്രെക് അൽ അജലീൻ പദ്ധതിയുടെ അഞ്ചാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 40,000 പേർക്ക് പ്രയോജനകരമാകുന്ന 6,715 ഭക്ഷ്യക്കിറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്. ഗിനിയയിൽ സൗദി അംബാസഡർ ഡോ. ഫഹദ് അൽ റാഷിദിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗിനിയയിലെ 50,000-ത്തോളം ജനങ്ങളിലേക്ക് എത്തുന്ന 8,400 ഭക്ഷണ കൊട്ടകളുടെ വിതരണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
2015-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ മാനുഷിക സേവന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കെ.എസ്. റിലീഫ് കാഴ്ചവെക്കുന്നത്. ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇനി പറയുന്നവയാണ്. നാല് ഭൂഖണ്ഡങ്ങളിലായി 113 രാജ്യങ്ങളിൽ ഇതിനകം സഹായമെത്തിച്ചു.
ആകെ 3,879 ജീവകാരുണ്യ പദ്ധതികൾ ഇതുവരെ പൂർത്തിയാക്കി. ലോകമെമ്പാടുമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 8300 കോടി ഡോളറിലധികം ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, പാർപ്പിടം എന്നീ മേഖലകളിലാണ് ഏജൻസി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളുമായും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് കെ.എസ്. റിലീഫ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സുസ്ഥിര വികസനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

