സ്പോർട്സ് ടൂറിസത്തിൽ കുതിച്ച് സൗദി അറേബ്യ; 2030 ആകുമ്പോഴേക്കും സ്‌പോർട്‌സ് ടൂറിസം വരുമാനം 100 ബില്യൺ റിയാൽ പ്രതീക്ഷ
text_fieldsയാംബു: ലോകത്തിലെ മുൻനിര സ്പോർട്സ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി സൗദി അറേബ്യ മാറുന്നു. പ്രധാന അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ആഗോള തലത്തിൽ രാജ്യത്തിന്റെ മികച്ച സ്ഥാനം ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു. 2030 ആകുമ്പോഴേക്കും സ്‌പോർട്‌സ് ടൂറിസം വരുമാനം 100 ബില്യൺ റിയാലിലധികം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പോർട്‌സ്, ടൂറിസം നിക്ഷേപങ്ങളിലെ കുതിച്ചുചാട്ടത്തിനിടയിൽ 39,000 പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്നും കണക്കുകൂട്ടുന്നു.
പി.ഡബ്ല്യു.സി മിഡിൽ ഈസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ 2030 ആകുമ്പോഴേക്കും ഏകദേശം രണ്ട് ട്രില്യൺ ഡോളർ വിലമതിക്കുന്ന ആഗോള സ്‌പോർട്‌സ് ടൂറിസം വിപണിയുടെ ഒരു പങ്ക് പിടിച്ചെടുക്കാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സമഗ്രമായ വികസനം, സംവേദനാത്മക ആരാധക അനുഭവങ്ങൾ, സന്ദർശകരെ ആകർഷിക്കുന്ന വിവിധ സോർട്സ് ഇവന്റുകൾ, മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ എന്നിവ സ്പോർട്സ് മേഖലയിൽ മികവിന് ആക്കം കൂടിയതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗോള ടൂറിസം ചെലവിന്റെ ഏകദേശം 10 ശതമാനം സ്പോർട്സ് ടൂറിസം പ്രതിനിധീകരിക്കുന്നുണ്ടെന്നും പ്രതീക്ഷിക്കുന്ന വാർഷിക വളർച്ചാ നിരക്ക് 17.5 ശതമാനം ആണെന്നും പി.ഡബ്ല്യൂ.സി ഡാറ്റ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ വിശാലമായ സ്പോർട്സ് മേഖലയുടെ സംഭാവന ഏകദേശം 600 ബില്യൺ ഡോളറാണ്. ഇത് പ്രതിവർഷം ഏകദേശം ഒമ്പത് ശതമാനം എന്ന നിരക്കിൽ വളരുകയാണ്.
സൗദിയിൽ 2030 ആകുമ്പോഴേക്കും സ്പോർട്സ് വിപണി മൂന്നിരട്ടിയായി 22.4 ബില്യൺ ഡോളറായി (ഏകദേശം 80 ബില്യൺസൗദി റിയാൽ) ഉയരുമെന്നും ഇത് ജി.ഡി.പി യിലേക്ക് 13.3 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. പ്രധാന ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കഴിവ് സൗദി തെളിയിച്ചതായി പി.ഡബ്ല്യൂ.സി മിഡിൽ ഈസ്റ്റിലെ എക്സിക്യൂട്ടീവ് ഉപദേഷ്ടാവായ പീറ്റർ ഡയർ പറഞ്ഞു:
ഡിജിറ്റൽ നവീകരണത്തിലും മേഖലയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുന്ന യുവാക്കളുടെ പങ്കാളിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന സ്‌പോർട്‌സ് ടൂറിസം പദ്ധതികളും ഏറെ ഫലം ചെയ്തതായി വിലയിരുത്തുന്നു. വനിതാ കായിക വിനോദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും വിനോദ പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താനും ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും സൗദി ചെയ്യുന്ന ബ്രഹത്തായ പദ്ധതികളും സ്പോർട്സ് ടൂറിസത്തിൽ വൻപുരോഗതിക്ക് വഴിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

