ലോകത്ത് ഏറ്റവുമധികം ദുരിതാശ്വാസ സഹായം നൽകുന്ന രാജ്യമായി സൗദി
text_fieldsയാംബു: വിവിധ രാജ്യങ്ങളിൽ യുദ്ധവും പ്രകൃതി ദുരന്തങ്ങളും മൂലം മാനുഷിക പ്രതിസന്ധികളുണ്ടാവുമ്പോൾ സഹായിക്കുന്ന രാജ്യങ്ങളിൽ ഒന്നാം നിരയിൽ സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലായി ഇതുവരെ നൽകിയത് 528.4 ബില്യൺ റിയാലായെന്ന് ‘സൗദി എയ്ഡ് പ്ലാറ്റ്ഫോം’ വെളിപ്പെടുത്തി. സൗദി ഏറ്റവും കൂടുതൽ സഹായം നൽകിയത് ഈജിപ്തിന്, 32.49 ബില്യൺ ഡോളർ.
യമൻ രണ്ടാം സ്ഥാനത്തും (27.69 ബില്യൺ ഡോളർ), പാകിസ്താൻ മൂന്നാം സ്ഥാനത്തും (13.19 ബില്യൺ ഡോളർ). സിറിയ, ഇറാഖ്, ഫലസ്തീൻ എന്നിവയാണ് സൗദി സഹായം ലഭിച്ച ബാക്കി രാജ്യങ്ങൾ. മാനുഷിക പ്രതിസന്ധികളെയും പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും ജനങ്ങളെയും രാജ്യങ്ങളെയും പിന്തുണക്കുന്നതിലൂടെയും സുസ്ഥിരവികസനം കൈവരിക്കുന്നതിലൂടെയും സൗദി മാനുഷികവും വികസനപരവുമായ പങ്കിനോടുള്ള പ്രതിബദ്ധതയെ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു.
അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന്റെയും സ്ഥിരതയുടെയും ഒരു കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സൗദി എയ്ഡ് പ്ലാറ്റ്ഫോം വിദേശ സംഭാവനകൾ കൈകാര്യം ചെയ്യാനുള്ള കൃത്യമായ ഇലക്ട്രോണിക് സംവിധാനമായി വർത്തിക്കുന്നു.
മാനുഷിക, വികസന, ജീവകാരുണ്യപദ്ധതികൾ, അന്താരാഷ്ട്ര സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമുള്ള സംഭാവനകൾ, സന്ദർശക സേവനങ്ങൾ (രാജ്യത്തിനുള്ളിൽ താമസിക്കുന്ന അഭയാർഥികൾ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി പ്ലാറ്റ്ഫോം തിരിച്ചിരിക്കുന്നു. 2018ൽ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത സൗദി എയ്ഡ് പ്ലാറ്റ്ഫോം നൽകുന്ന സഹായത്തിന്റെ വലുപ്പവും തരവും എടുത്തുകാണിക്കുന്നു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) വഴിയാണ് സൗദി വിദേശ സഹായ പദ്ധതികൾ നടപ്പാക്കുന്നത്. ആഗോള ദൗത്യത്തിലൂടെ സുസ്ഥിരവികസനം കൈവരിക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് രാജ്യം സ്വീകരിക്കുന്നത്. അടിയന്തര ആശ്വാസം, അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും പിന്തുണക്കൽ, വിദ്യാഭ്യാസവും തൊഴിലും പ്രാപ്തമാക്കൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിലൂടെ സൗദി ആഗോളതലത്തിൽ ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

