സൗദിയിൽ കോവിഡ് മാനദണ്ഡങ്ങൾ ഒഴിവാക്കി; തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട, ക്വാറന്റീൻ പൂർണമായും ഒഴിവാക്കി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട പല വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. പുറത്ത് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കി. അടച്ചിട്ട റൂമുകൾക്കകത്ത് മാത്രം മാസ്ക് ധരിച്ചാൽ മതിയാകും.
വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഇൻസ്റ്റിറ്റ്യൂഷനൽ, ഹോം ക്വാറന്റീൻ ഒഴിവാക്കി. രാജ്യത്തെക്ക് പ്രവേശിക്കുമ്പോൾ സമർപ്പിക്കേണ്ട നെഗറ്റീവ് പി.സി.ആർ / ആന്റിജൻ പരിശോധന ഫലം രേഖ ഇനി മുതൽ ആവശ്യമില്ല.
മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ഇവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്.
സന്ദർശന വിസകളിൽ സൗദിയിലേക്ക് വരുമ്പോൾ രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കോവിഡ് വൈറസിൽ നിന്നുള്ള ചികിത്സ ചെലവുകൾ വഹിക്കുന്നതിനുള്ള ഇൻഷുറൻസ് നിർബന്ധമാണ്. സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്ക് നിലനിന്നിരുന്ന രാജ്യങ്ങളിൽ നിന്നും പ്രസ്തുത വിലക്ക് ഒഴിവാക്കി. ബൂസ്റ്റർ ഡോസ്, ഇമ്യൂൺ സ്റ്റാറ്റ്സ് തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകൾ തുടരും. പുതിയ ഇളവുകളെല്ലാം ഇന്ന് മുതൽ പ്രാബല്യത്തിലായി.