സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ഇന്ത്യയിൽ
text_fieldsസൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ന്യൂഡൽഹിയിൽ രാസവളം മന്ത്രി ജെ.പി. നഡ്ഡക്കൊപ്പം യോഗത്തിൽ
റിയാദ്: സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ഇന്ത്യയിലെത്തി. പെട്രോകെമിക്കൽസ്, രാസവളങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹെവി മെഷിനറി, കാറുകൾ, സ്പെയർ പാർട്സ് തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്ത്യൻ മന്ത്രിമാരുമായി ചർച്ച നടത്തി.
രാസവളം മന്ത്രി ജഗത് പ്രകാശ് നദ്ദ, ഇരുമ്പുരുക്ക്-ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വ്യവസായങ്ങളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്തു. പെട്രോകെമിക്കൽസ്, രാസവളം മേഖലകളിൽ സംയുക്ത സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.ഇരുരാജ്യങ്ങളും വ്യവസായിക ഏകീകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും വ്യവസായത്തിനുള്ള ദേശീയ തന്ത്രവും ഇരുമ്പുരുക്ക് മേഖലയുടെ പ്രാധാന്യവും കൂടിക്കാഴ്ചകളിൽ എടുത്തുകാണിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ഇരുമ്പുരുക്ക് സമ്മേളനം മൂന്നാം പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന കാര്യം മന്ത്രി അൽഖുറൈഫ് സൂചിപ്പിച്ചു. എച്ച്.ഡി. കുമാരസ്വാമിയുമായുള്ള ചർച്ചകളിൽ മെഷിനറി, ഓട്ടോമോട്ടീവ് വ്യവസായങ്ങൾ, സ്പെയർ പാർട്സ് മേഖലകളിലെ സഹകരണ സാധ്യതകൾ വർധിപ്പിക്കുന്നത് വിഷയമായി. ഇരുമ്പുരുക്ക് വ്യവസായത്തിൽ ഉപയോഗിക്കുന്ന റിഫ്രാക്റ്ററികൾക്കുള്ള അസംസ്കൃത വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് സൗദിയിലെ മഗ്നീഷ്യം അയിരുകൾ ഉപയോഗപ്പെടുത്തുന്നതിൽ സഹകരിക്കാൻ ഇന്ത്യൻ പക്ഷം താൽപര്യം പ്രകടിപ്പിച്ചു.
മന്ത്രി പിയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയിൽ വ്യവസായിക സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം വിപുലീകരിക്കുന്നതിനും രാജ്യത്തെ തന്ത്രപ്രധാനമായ വ്യവസായിക മേഖലകളിലേക്ക് ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തു.
സാമ്പത്തിക ബന്ധങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളുടെയും ശക്തിയും വ്യാവസായിക മേഖലയിലെ സംയുക്ത സഹകരണം ആഴത്തിലാക്കാനുള്ള അവസരങ്ങളും അൽഖുറൈഫ് ഊന്നിപ്പറഞ്ഞു.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിച്ചും രാജ്യത്തെ ഒരു മുൻനിര വ്യാവസായിക ശക്തിയായും ഖനനത്തിനും ധാതുക്കൾക്കും ആഗോള കേന്ദ്രമാക്കി മാറ്റിയും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യവസായിക, ഖനന മേഖലകളിലെ സംയുക്ത നിക്ഷേപ അവസരങ്ങൾ തേടുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

