ഫലസ്തീനികൾക്കുള്ള സഹായം വർധിപ്പിച്ച് സൗദി
text_fieldsഗസ്സയിലേക്കുള്ള സൗദിയുടെ ദുരിതാശ്വാസ വാഹനങ്ങൾ റഫ അതിർത്തിയിലെത്തിയപ്പോൾ
യാംബു: ഇസ്രായേലി ക്രൂരത മൂലം ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് പരമാവധി സഹായമെത്തിക്കാൻ സൗദി. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുമായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ആദ്യം മുതലേ രംഗത്തുണ്ട്. സാമ്പത്തിക സംഭാവനകളും ആവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണവും ഉൾപ്പെടെ സമഗ്രമായ സഹായ പാക്കേജുകളാണ് സൗദി അവിടെ എത്തിക്കുന്നത്.
സംഘർഷം ഉണ്ടായത് മുതൽ കെ.എസ്. റിലീഫ് വഴി 18.5 കോടി ഡോളറിന്റെ മാനുഷിക സഹായം നേരിട്ട് എത്തിച്ചെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ യു.എൻ പൊതുസഭയിൽ പറഞ്ഞു. പുനർനിർമാണത്തിനും ദുരിതാശ്വാസത്തിനുമായി സൗദി വിവിധ യു.എൻ ഏജൻസികളുമായി ചേർന്ന് 106 ബില്യൺ ഡോളർ തുടക്കത്തിലേ സമാഹരിച്ചതായി അമീർ ഫൈസൽ ചൂണ്ടിക്കാട്ടി.
ഇതിനകം 289 പദ്ധതികളിലായി 530 കോടി ഡോളർ ചെലവഴിച്ചു. കടൽ, വ്യോമ മാർഗങ്ങളിലൂടെ ഭക്ഷണം, പാർപ്പിട വസ്തുക്കൾ, മെഡിക്കൽ എന്നിവ എത്തിക്കുന്നു. ഇതിനായി ഇതുവരെ 3.48 കോടി ഡോളർ ചെലവാക്കി. ഇതുവരെ നൽകിയ മൊത്തം ദുരിതാശ്വാസ വസ്തുക്കളുടെ ഭാരം ഏകദേശം 6,535.5 ടൺ ആണ്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി സൗദി ആരംഭിച്ച ദേശീയ കാമ്പയിന് വൻ പ്രതികരണമാണ് സമൂഹത്തിൽനിന്ന് ലഭിച്ചത്.
ഫലസ്തീൻ ജനതക്കുള്ള സൗദി സഹായം കൂടുതൽ ഫലപ്രദമായ രീതിയിൽ തുടരുകയാണെന്ന് കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
സംഘർഷത്തിന്റെ ആദ്യ നാളുകളിൽ തന്നെ സൗദിയിൽ ആരംഭിച്ച ദേശീയ ധനസമാഹരണ കാമ്പയിനിൽ ആദ്യ ദിവസം മാത്രം 72,375 ആളുകളാണ് സംഭാവന നൽകിയത്. 64,274,009 റിയാലാണ് ഇങ്ങനെ എത്തിയത്. ഗസ്സയിലെ ആതുരശുശ്രൂഷ സംവിധാനത്തെ പിന്തുണക്കുന്നതിനായി കെ.എസ്. റിലീഫ് ഈ വർഷം ഒരു കോടി ഡോളർ സംഭാവന ചെയ്തു.
ദുരിതമനുഭവിക്കുന്നവർക്ക് മെഡിക്കൽ സപ്ലൈസ്, ആംബുലൻസുകൾ, ലോജിസ്റ്റിക്കൽ പിന്തുണയും 50 ലക്ഷം ഡോളർ മൂല്യമുള്ള ഫുഡ് ബാസ്ക്കറ്റുകളും
സംഭാവന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

