സൗദിയിൽ 600 തൊഴിലുകളില്‍ സ്വദേശി സംവരണം നടപ്പാക്കി -മാനവവിഭവശേഷി മന്ത്രി
text_fieldsസൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽ രാജ്ഹി
റിയാദ്: സൗദി സ്വകാര്യ മേഖലയിലെ 600 തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതായി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽ രാജ്ഹി വ്യക്തമാക്കി. സ്വദേശിവത്കരണത്തിനായി 50 പദ്ധതികളാണ് നടപ്പാക്കിയത്. സൗദി പൊതുബജറ്റ് 2026 ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിക്കും സാമ്പത്തിക വികസനത്തിന്റെ ആവശ്യകതകള്‍ക്കും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനും ലക്ഷ്യമിട്ടാണ് ഇത്രയും തൊഴിലുകളില്‍ സൗദിവത്കരണം നടപ്പാക്കിയത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ നയങ്ങളും പ്രോഗ്രാമുകളുമാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണം.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 25 ലക്ഷം കവിഞ്ഞിട്ടുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നു. തൊഴില്‍ വിപണിയില്‍ സൗദി വനിതകളുടെ പങ്കാളിത്തം 34 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് സ്ഥാനങ്ങളില്‍ വനിതാപ്രാതിനിധ്യം മെച്ചപ്പെട്ടിട്ടുണ്ട്. വിഷന്‍ 2030ന്റെ ഭാഗമായ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തന്ത്രത്തിലെ 94 ശതമാനം സംരംഭങ്ങളും ഇതിനകം നടപ്പാക്കി. ഇത് മെച്ചപ്പെട്ട തൊഴില്‍ വിപണി കാര്യക്ഷമതക്കും സൗദി പൗരന്മാര്ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്.
ഫ്രീലാന്‍സ് തൊഴില്‍ രീതിയില്‍ രാജ്യം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈ രീതിയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 4,30,000 ആയി ഉയര്‍ന്നിട്ടുണ്ട്.
ഈ വളര്‍ച്ച തൊഴില്‍ വിപണിയിലെ കരിയര്‍ ഓപ്ഷനുകളുടെ വികാസത്തിനും തൊഴില്‍ ശൈലികളുടെ വൈവിധ്യവൽക്കരണത്തിനും അടിവരയിടുന്നു. സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളുമായി തൊഴില്‍ ശേഷികളുടെ വിന്യാസം വര്‍ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അഹ്മദ് അൽ രാജ്ഹി പറഞ്ഞു.
സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ എണ്ണം 25 ലക്ഷമായി
റിയാദ്: സൗദി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം നാല് വർഷം മുമ്പത്തെ 17 ലക്ഷത്തിൽനിന്ന് 25 ലക്ഷമായി കുതിച്ചുയർന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽ രാജ്ഹി പറഞ്ഞു. സൗദി പൊതുബജറ്റ് 2026 ഫോറത്തിലെ പാനൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ. തദ്ദേശീയരായ ഉദ്യോഗാർഥികളിൽ രാജ്യത്തെ സ്വകാര്യ മേഖല കാണിക്കുന്ന വിശ്വാസത്തിന് മന്ത്രി നന്ദി പറഞ്ഞു. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ പങ്കാളിത്തം 2019ൽ 23 ശതമാനം ആയിരുന്നത് നിലവിൽ 34 ശതമാനമായി ഉയർന്നു. പുരുഷന്മാരെ പോലെ മത്സരിക്കാനുള്ള കഴിവ് സ്ത്രീകൾ തെളിയിച്ചിട്ടുണ്ട്. സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞെന്നും ഇത് സൗദി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് വർഷത്തിനുള്ളിൽ അക്കൗണ്ടിങ് തൊഴിലിലെ സൗദികളുടെ എണ്ണം 47,000ൽനിന്ന് 119,000 ആയി ഉയർന്നു. എൻജിനീയറിങ് മേഖലയിൽ 52,000-ൽനിന്ന് 218,000 ആയും ഉയർന്നു. ‘വിഷൻ 2030’ന്റെ 11 പദ്ധതികളിൽ എട്ട് എണ്ണത്തിലും മാനവ വിഭവശേഷി സംവിധാനം പങ്കാളിയാണ്. ഈ സംവിധാനത്തിൽ 100 സംരംഭങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും അവയിൽ മിക്കതും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിഷൻ പദ്ധതികൾ മൊത്തത്തിൽ ഇതുവരെ അവയുടെ ലക്ഷ്യങ്ങളുടെ 90 ശതമാനത്തിലധികവും നേടിയിട്ടുണ്ടെന്നും ഇത് 2030ന് മുമ്പുള്ള ഒരു സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി തൊഴിൽ വിപണിയെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പുതിയ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

