രണ്ട് അംഗങ്ങളുടെ ഒന്നിച്ചുള്ള മരണത്തിൽ ദുഃഖാർത്ഥരായി ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകർ
text_fieldsജിദ്ദ: ഒരേ ദിവസം തങ്ങളുടെ രണ്ട് സജീവ അംഗങ്ങളുടെ ഒന്നിച്ചുള്ള മരണത്തിൽ ദുഃഖം കടിച്ചമർത്തുകയാണ് ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകർ. മലപ്പുറം കൂട്ടിലങ്ങാടി ചെലൂർ സ്വദേശി മൈലപ്പുറം അബ്ദുനാസർ (52), അരീക്കോട് വടശ്ശേരി സ്വദേശി മുഹമ്മദ് ജലാലുദ്ധീൻ (48) എന്നിവരാണ് ശനിഴാഴ്ച മരണപ്പെട്ടത്.
26 വർഷമായി അബ്ദുനാസർ സനാഇയ്യയിൽ അൽമുർഖി കമ്പനിയിലും കഴിഞ്ഞ ആറ് വർഷങ്ങളായി മുഹമ്മദ് ജലാലുദ്ധീൻ ഹിദാദ കമ്പനിയിലും ജീവനക്കാരായിരുന്നു. ഏവർക്കും പ്രിയപ്പെട്ട ഇരുവരും മഹ്ജർ സനാഇയ്യ കേന്ദ്രീകരിച്ച് പൊതുരംഗങ്ങളിൽ നിറഞ്ഞു നിന്ന സജീവ ഐ.സി.എഫ് പ്രവർത്തകരായിരുന്നു.
നിലവിൽ മുഹമ്മദ് ജലാലുദ്ധീൻ ഐ.സി.എഫ് മഹ്ജർ സെക്ടർ പബ്ലിക്കേഷൻ പ്രസിഡണ്ടും അബ്ദുനാസർ സനാഇയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുനാസറിനെ കൂട്ടുകാർ മഹ്ജറിലെ അൽ ഹയാത്ത് ആശുപത്രിയിലെത്തിച്ച് ചികിസ നൽകിയെങ്കിലും ശനിഴാഴ്ച രാവിലെ മരിക്കുകയായിരുന്നു.
ഫൈനൽ എക്സിറ്റ് അടിച്ച് അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം അദ്ദേഹത്തെ പിടികൂടിയത്. മരണപ്പെട്ട ജലാലുദ്ധീൻ രക്തത്തിൽ ശ്വേത രക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടക്ക് രോഗത്തിന് ചെറിയ ആശ്വാസം വന്നപ്പോൾ തുടർ ചികിത്സക്കായി നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആരോഗ്യ നില മോശമാവുകയും മരിക്കുകയുമായിരുന്നു.
മൃതദേഹങ്ങൾ ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുടുംബങ്ങളോടൊപ്പം ജിദ്ദ ഐ.സി.എഫ് വെൽഫയർ വകുപ്പ് അംഗങ്ങളും രംഗത്തുണ്ട്. ഇരുവരുടെയും നിര്യാണത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മറ്റി ദുഖ:വും അനുശ്വേചനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
