സൗദിയിൽ ജീവിതം ആസ്വദിക്കുന്നത് ഒന്നരക്കോടി വിദേശികൾ -സൗദി മനുഷ്യാവകാശ കമീഷൻ
text_fieldsജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ 58ാമത് സെഷൻ ഉന്നതതല യോഗത്തിൽ സൗദി മനുഷ്യാവകാശ കമീഷൻ മേധാവി ഡോ. ഹലാ അൽ തുവൈജരി
റിയാദ്: സൗദി അറേബ്യയിൽ വിവേചനമില്ലാതെ അവകാശങ്ങൾ ആസ്വദിച്ച് 1.5 കോടി വിദേശികൾ ജീവിക്കുന്നെന്ന് മനുഷ്യാവകാശ കമീഷൻ മേധാവി ഡോ. ഹലാ അൽ തുവൈജരി പറഞ്ഞു. ജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ 58ാമത് സെഷൻ ഉന്നതതല യോഗത്തിൽ സംസാരിക്കവേയാണ് സൗദി അറേബ്യ ആതിഥ്യമരുളുന്ന വിദേശപൗരന്മാരെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ ജനസംഖ്യയുടെ 44 ശതമാനത്തിലധികമാണ് വിദേശികളുടെ എണ്ണം. 60ലധികം രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇവർകൂടി ഉൾപ്പെട്ട വൈവിധ്യമാർന്ന ഒരു സമൂഹത്തെയാണ് സൗദി ഉൾക്കൊള്ളുന്നത്. വിവേചനമില്ലാതെയും ഉയർന്ന തലത്തിലുള്ള സംരക്ഷണത്തോടെയും അവർ തങ്ങളുടെ അവകാശങ്ങൾ ആസ്വദിക്കുന്നുവെന്നും അൽതുവൈജരി കൂട്ടിച്ചേർത്തു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമത്തിന്റെ ശക്തമായ ഒരു ചട്ടക്കൂടാണ് സൗദി അറേബ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സ്ഥാപിത മൂല്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരമുള്ള തത്ത്വങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിൽ സൗദി അറേബ്യ തങ്ങളുടെ ഒരു ശ്രമവും പാഴാക്കിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യായമായ കാരണങ്ങളുടെ പിന്തുണയോടെയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ അവസാനിപ്പിക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മധ്യസ്ഥതയിൽ ശ്രമങ്ങൾ നടത്തി. ഇത് റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പ്രക്രിയയുടെ ഭാഗമായി നിരവധി തടവുകാരെ മോചിപ്പിക്കുന്നതിൽ കലാശിച്ചു. ലോകത്ത് എവിടെയും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് നിലനിൽക്കണമെങ്കിൽ ശക്തവും യോജിപ്പുള്ളതുമായ സമൂഹങ്ങൾ നിലനിർത്തണം.
‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ വിവിധ തലങ്ങളിൽ മനുഷ്യാവകാശങ്ങളിൽ നിരവധി പരിഷ്കാരങ്ങൾക്ക് സൗദി സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഫലസ്തീനിൽ നടക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ ഫലസ്തീനിലെയും മറ്റു അധിനിവേശ അറബ് പ്രദേശങ്ങളിലെയും മനുഷ്യാവകാശ സംരക്ഷണത്തിൽ ശ്രദ്ധ ഇരട്ടിയാക്കേണ്ടതിന്റെ പ്രാധാന്യം അൽതുവൈജരി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

