പാക് സൈനിക മേധാവിക്ക് സൗദിയുടെ ആദരം: ‘കിങ് അബ്ദുൽ അസീസ് പുരസ്‌കാരം’ സമ്മാനിച്ചു
text_fieldsപാക് സൈനിക മേധാവി ജനറൽ സയ്യിദ് അസീം മുനീറിന് സൗദിയുടെ ‘കിങ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്‌സലന്റ് ക്ലാസ്’ അവാർഡ് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ സമ്മാനിക്കുന്നു
റിയാദ്: പാകിസ്താൻ സൈനിക മേധാവി ജനറൽ സയ്യിദ് അസീം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘കിങ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്‌സലന്റ് ക്ലാസ്’ സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധവും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ജനറൽ അസീം മുനീർ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ആദരം നൽകിയത്. റിയാദിലെ പ്രതിരോധ മന്ത്രാലയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ മെഡൽ കൈമാറി.
പാകിസ്താൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സായി നിയമിതനായ ജനറൽ മുനീറിനെ ചടങ്ങിൽ അമീർ ഖാലിദ് ബിൻ സൽമാൻ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേരുകയും ചെയ്തു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ സൗദിയും പാകിസ്താനും തമ്മിലുള്ള ചരിത്രപരമായ ബന്ധവും പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സഹകരണവും ഇരുനേതാക്കളും അവലോകനം ചെയ്തു.
ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും പൊതുവായ താൽപര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ചാവിഷയമായി. സൗദി പ്രതിരോധ സഹമന്ത്രി അമീർ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അയ്യാഫ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലി, ഇന്റലിജൻസ് കാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ്, സൗദിയിലെ പാക് അംബാസഡർ അഹമ്മദ് ഫാറൂഖ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

