യമന് കൈത്താങ്ങായി സൗദി അറേബ്യ; ശമ്പള വിതരണത്തിനും വികസനത്തിനുമായി വൻ സാമ്പത്തിക സഹായം
text_fieldsജിദ്ദ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയൽരാജ്യമായ യമനെ സഹായിക്കാൻ വൻ സാമ്പത്തിക പാക്കേജുമായി സൗദി അറേബ്യ.
രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനും തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണത്തിനുമായാണ് സൗദി സഹായം പ്രഖ്യാപിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരമാണ് ഈ അടിയന്തര ഇടപെടൽ.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സിവിൽ-സൈനിക മേഖലകളിലെ കഴിഞ്ഞ രണ്ട് മാസത്തെ ശമ്പള കുടിശ്ശിക തീർക്കുന്നതിനായി ഒമ്പത് കോടി ഡോളർ യമൻ സെൻട്രൽ ബാങ്കിന് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ സാമ്പത്തിക പാക്കേജുകൾ ഉണ്ടാകുമെന്ന് യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബർ വ്യക്തമാക്കി. സുപ്രീം മിലിട്ടറി കമ്മിറ്റിക്ക് കീഴിലുള്ള സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വരുന്ന ഞായറാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും.
പവർ പ്ലാൻറുകൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പെട്രോളിയം ഉൽപന്നങ്ങൾ സൗദി ലഭ്യമാക്കും. യമൻ സർക്കാർ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് സൗദി പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നന്ദി അറിയിച്ച് യമൻ സർക്കാർ
സൗദി അറേബ്യയുടെ ഈ ഇടപെടൽ യമൻ ജനതയോടുള്ള സാഹോദര്യത്തിെൻറ ഉത്തമ ഉദാഹരണമാണെന്ന് യമൻ പ്രധാനമന്ത്രി സാലിം സാലിഹ് ബിൻ ബ്രൈക്ക് പറഞ്ഞു. സഹായധനം അങ്ങേയറ്റം സുതാര്യമായി വിനിയോഗിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, സെൻട്രൽ ബാങ്കുമായി ഏകോപിപ്പിച്ച് ശമ്പള വിതരണം ഉടൻ ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു. സൗദിയുടെ ഈ വൻ നിക്ഷേപം യമനിലെ കറൻസിയുടെ മൂല്യം നിലനിർത്തുന്നതിനും വിപണിയിൽ ചരക്കുകളുടെ വില നിയന്ത്രിക്കുന്നതിനും വലിയ തോതിൽ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

