
സൗദിയിൽ വിദഗ്ധ തൊഴിലുകളിലേർപ്പെടുന്നവർക്ക് 'തൊഴിൽ പരീക്ഷ' ആരംഭിച്ചു
text_fieldsജിദ്ദ: സൗദിയിൽ വിദഗ്ധ തൊഴിലുകളിലേർപ്പെടുന്നവർക്ക് 'തൊഴിൽ പരീക്ഷ' ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനത്തിനായുള്ള ജനറൽ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്.
സൗദി തൊഴിൽ വിപണിയിലെ പ്രൊഫഷണൽ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കാനും ജോലിക്കായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവർ ആവശ്യമായ അടിസ്ഥാന കഴിവുകളുള്ള പ്രൊഫഷണൽ തൊഴിലാളിയാണെന്ന് സ്ഥിരീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പെഷലൈസേഷൻ മേഖലയിൽ തിയറിറ്റിക്കൽ, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയായിരിക്കും യോഗ്യരാണെന്ന് കണ്ടെത്തുക.
സൗദി തൊഴിൽ വിപണിയിലെ പ്രൊഫഷണൽ തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം ഉയർത്തുക, ഉൽപ്പാദന ക്ഷമത വർധിപ്പിക്കുക, യോഗ്യരല്ലാത്തവർ തൊഴിൽ വിപണിയിലെത്തുന്നത് തടയുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.
ഒന്ന് സൗദിയിലേക്ക് വരുന്നതിനു മുമ്പ് സ്വദേശങ്ങളിൽ വെച്ചും മറ്റൊന്ന് സൗദിയിലേക്ക് പ്രവേശിച്ച ശേഷവുമാണ്. സ്വദേശങ്ങളിൽ വെച്ചുള്ള പരീക്ഷ അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും. രണ്ടാമത്തേത് സൗദിയിലെ അംഗീകൃത പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുമായി സഹകരിച്ചുമായിരിക്കും.
പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതോടെ രാജ്യത്തെ പ്രൊഫഷണൽ തൊഴിലാളികളെ പരീക്ഷക്ക് വിധേയമാക്കാൻ മാനവവിഭവ ശേഷി മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 2021 ജുലൈ മുതൽ സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ക്രമാനുഗതമായി പരീക്ഷ നിർബന്ധമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, പ്രൊഫഷണൽ തൊഴിൽ വിസാ സ്റ്റാമ്പിങ് സംവിധാനത്തെ പരീക്ഷയുമായി ബന്ധിപ്പിക്കും. പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമായിരിക്കും സ്വദേശങ്ങളിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയുക.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് പിന്നിൽ സൗദി തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യവുണ്ട്. തൊഴിൽ വിപണിയെ നിയന്ത്രിക്കാനും രാജ്യത്തെ തൊഴിൽ നിലവാരം ഉയർത്താനും ശ്രമിക്കുന്ന 'പ്രൊഫഷണൽ അക്രഡിറ്റേഷൻ' പ്രോഗ്രാമുകളിലൊന്നാണ് ഇപ്പോൾ ആരംഭിച്ച 'പ്രൊഫഷണൽ പരീക്ഷ' എന്നതും ശ്രദ്ധേയമാണ്.
2021 മാർച്ച് എട്ട് മുതൽ ആരംഭിക്കുന്ന ഓപ്ഷണൽ കാലയളവിൽ വിദഗ്ധ തൊഴിലാളികളെ പ്രൊഫഷണൽ പരിശോധന നടത്താൻ ആഗ്രഹിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും https://svp.qiwa.sa എന്ന ലിങ്കിലൂടെ വെബ്സൈറ്റ് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
