ഇക്കോ ടൂറിസത്തിൽ ശ്രദ്ധയൂന്നി സൗദി
text_fieldsറോയൽ റിസർവ് സൗദിയിലെ ഇക്കോടൂറിസം ഫെസ്റ്റിവൽ കാഴ്ച
യാംബു: സൗദി ഇക്കോ ടൂറിസത്തിൽ ശ്രദ്ധയൂന്നുന്നു. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുകയും വികസിപ്പിക്കുകയുമാണ് ലക്ഷ്യം. ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റി ഈ മാസം ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലും കിങ് ഖാലിദ് റോയൽ റിസർവിലും ‘അൽ അർമ സീസൺ’ എന്ന പേരിൽ ഇക്കോ ടൂറിസം ഫെസ്റ്റിവലിന്റെ അഞ്ചാം എഡിഷൻ തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോൾ.
നാലാം എഡിഷൻ നാല് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചിരുന്നു. കഴിഞ്ഞ നാല് സീസണുകളിലായി ആകെ ഒമ്പത് ലക്ഷത്തിലധികം ഇക്കോ ടൂറിസ്റ്റുകളെത്തി. അൽ അർമ സീസണിൽ 16 ടൂറിസം സേവനദാതാക്കളുടെ പങ്കാളിത്തമുണ്ടായിരുന്നു. ക്യാമ്പിങ്, ഹൈക്കിങ്, ഒട്ടക സവാരി, സൈക്ലിങ്, സഫാരി യാത്രകൾ, നക്ഷത്ര നിരീക്ഷണം, ഇവൻറുകൾ, പ്രാദേശിക ഉൽപന്നങ്ങളുടെ കേന്ദ്രങ്ങൾ, ഭക്ഷണ ട്രക്കുകൾ, സമർഥരായ ടൂറിസ്റ്റ് ഗൈഡുകൾ എന്നിവ ഒരുക്കിയിരുന്നു. 13 വൈവിധ്യമാർന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾ ഒരുക്കിയതും സന്ദർശകരെ ആകർഷിച്ചു.
പരിസ്ഥിതിയുടെ സൗന്ദര്യവും വൈവിധ്യവും വെളിപ്പെടുത്തുന്ന മൂന്ന് പരസ്യചിത്രങ്ങളും സീസണിൽ പുറത്തിറക്കി. ഇത്തവണത്തെ ഫെസ്റ്റിവലിൽ ആസ്വാദ്യകരമായ പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പരമ്പരാഗത ടൂറിസം രീതികൾ പരിസ്ഥിതിക്ക് ഏൽപിക്കുന്ന നാശങ്ങൾ കുറക്കുന്നതിനും പ്രാദേശിക ജനങ്ങളുടെ സാംസ്കാരിക സമഗ്രത വർധിപ്പിക്കുന്നതിനും ഇക്കോ ടൂറിസം പരിപാടികൾ കൂടുതൽ വ്യാപകമാക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുമുണ്ട്.
രാജ്യത്തെ ഇക്കോ ടൂറിസത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ‘അൽ അർമ സീസണി’നെ ഏകീകരിക്കാനും കൂടുതൽ ആകർഷകമാക്കാനും അതോറിറ്റി പദ്ധതിയിടുന്നു. വിവിധ വന്യജീവി റിസർവുകൾ ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായി മാറ്റാനുള്ള പദ്ധതികളും ഫലപ്രദമായതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

