ഗസ്സയിൽ കാരുണ്യഹസ്തവുമായി സൗദി; കെ.എസ് റിലീഫിെൻറ ഭക്ഷ്യവിതരണ പദ്ധതി ഊർജിതമായി തുടരുന്നു
text_fieldsഗസ്സയിൽ സൗദിയുടെ ഭക്ഷ്യസുരക്ഷ പദ്ധതി
ഊർജിതമാക്കിയപ്പോൾ
യാംബു: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമേകി സൗദി അറേബ്യയുടെ വിപുലമായ ഭക്ഷ്യസുരക്ഷ പദ്ധതി. സൗദിയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) നേതൃത്വത്തിൽ ഗസ്സയിലെ ഭക്ഷ്യവിതരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 50,000 ത്തോളം ചൂടുള്ള ഭക്ഷണപ്പൊതികളാണ് ദുരിതബാധിതർക്ക് വിതരണം ചെയ്തത്. കെ.എസ്. റിലീഫിെൻറ മേൽനോട്ടത്തിൽ ഗസ്സയിൽ പ്രവർത്തിക്കുന്ന സെൻട്രൽ കിച്ചണിൽ പാകം ചെയ്ത ഭക്ഷണമാണ് മധ്യ-തെക്കൻ ഗസ്സയിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി അറേബ്യ നടത്തിവരുന്ന നിരന്തരമായ കാമ്പയിെൻറ ഭാഗമായി, അടുത്തിടെ ഖാൻ യൂനിസിൽ ‘സല്ലത്ത് അൽ ഖൈർ’ എന്ന പ്രത്യേക പദ്ധതിയും കെ.എസ്. റിലീഫ് ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ച ഈ പദ്ധതി വഴി ആയിരക്കണക്കിന് നിർധന കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്.
വിവിധ പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുക എന്ന സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടിെൻറ തുടർച്ചയായാണ് ഈ കാരുണ്യപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നത്. ഫലസ്തീനികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ.എസ്. റിലീഫ് വഴി സജീവമായ മാനുഷിക പരിപാടികളാണ് രാജ്യം ആവിഷ്കരിക്കുന്നത്. 2015 മേയ് മാസത്തിന് ശേഷം ഇതുവരെ ഫലസ്തീനിൽ ഏകദേശം 53.7 കോടി ഡോളർ ചെലവിൽ 152 പദ്ധതികൾ കെ.എസ്. റിലീഫിെൻറ മേൽനോട്ടത്തിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ, പുനരധിവാസം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ക്യാമ്പ് ഏകോപനം, വിദ്യാഭ്യാസം, സംരക്ഷണം, അടിയന്തര സഹായം, പോഷകാഹാരം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം സൗദി ഇതിനകം തങ്ങളുടെ സേവനങ്ങൾ എത്തിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയോടുള്ള രാജ്യത്തിെൻറ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ട്, ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ സഹായമെത്തിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

