സ്വന്തം നാട്ടുകാരനെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തി; പ്രതിയായ യമനിയുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: സ്വന്തം നാട്ടുകാരനെ വിജനമായ സ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ യമനി പൗരെൻറ വധശിക്ഷ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി. യമനിയായ അബ്ദു റബ്ബ് സ്വാലിഹ് അൽ ഗശാമിയാണ് ശിക്ഷക്കിരയായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
സ്വന്തം നാട്ടുകാരനായ അബ്ദുല്ല മുഹമ്മദ് അൽ ഗശാമിയെ തന്ത്രപൂർവം ഒരു പ്രത്യേക സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി മർദ്ദിക്കുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിനുശേഷം സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻകൂട്ടി പദ്ധതിയിട്ട് വഞ്ചനാപരമായ മാർഗത്തിലൂടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി അന്വേഷണത്തിൽ വ്യക്തമായി തെളിഞ്ഞു. തുടർന്ന് ഇസ്ലാമിക നിയമപ്രകാരം ചതിയിലൂടെയുള്ള കൊലപാതകത്തിനുള്ള വധശിക്ഷക്ക് കോടതി വിധിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ ഈ വിധി അപ്പീൽ കോടതിയും തുടർന്ന് സുപ്രീം കോടതിയും ശരിവെച്ചു. തുടർന്ന് വിധി നടപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

