സൗദിയിൽ ഉച്ചസമയ ജോലി നിരോധനം അവസാനിച്ചു
text_fieldsറിയാദ്: സൗദി മാനവവിഭവശേഷി മന്ത്രാലയവും ദേശീയ തൊഴിലാളി സുരക്ഷാ-ആരോഗ്യ കൗൺസിലും ചേർന്ന് നടപ്പാക്കിയ 2026-ലെ ഉച്ചസമയ ജോലി നിരോധന ഉത്തരവ് അവസാനിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ജോലി നിരോധനം ഏർപ്പെടുത്തിയിരുന്നത്.
നിരോധന കാലയളവിൽ ഉത്തരവ് പാലിക്കുന്നത് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 29,945 പരിശോധനകളാണ് അധികൃതർ നടത്തിയത്. രാജ്യത്തെ സ്ഥാപനങ്ങൾ 95 ശതമാനം വരെ നിയമം കൃത്യമായി പാലിച്ചപ്പോൾ, 1,771 നിയമലംഘനങ്ങൾ കണ്ടെത്തുകയും ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന 41 പരാതികൾ പരിഹരിക്കുകയും ചെയ്തു.
തീവ്രമായ ചൂടിൽ നേരിട്ടുള്ള സൂര്യപ്രകാശവും ഉയർന്ന താപനിലയും ഏൽക്കുന്നത് മൂലമുണ്ടാകുന്ന തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ജീവനക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കിയത്. വിവിധ മേഖലകളിൽ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിലിടങ്ങളിലെ സുരക്ഷാ ബോധവൽക്കരണത്തിന് അടിത്തറയിടുന്നതിനും ഈ ഉത്തരവിലൂടെ സാധിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഉച്ചസമയ ജോലി നിരോധനം അവസാനിച്ചുവെങ്കിലും ഉയർന്ന താപനില മൂലം ജീവനക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള അപകട സാധ്യതകളിൽ നിന്നുള്ള പ്രതിരോധ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയവും നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തും ഓർമിപ്പിച്ചു. വർഷത്തിലുടനീളം ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ജോലിസ്ഥലത്തെ അപകടസാധ്യതകൾ കൃത്യമായി വിലയിരുത്താനും ആവശ്യമായ മുൻകരുതൽ നടപടികൾ തുടരാനും സ്ഥാപനങ്ങളോട് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

