സൗദിയിൽ നിയമ ലംഘനങ്ങൾ നടത്തിയ 11,500 പേരെ ഒരാഴ്ചക്കുള്ളിൽ നാടുകടത്തി; താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 18,700 നിയമ ലംഘകരെ അറസ്റ്റു ചെയ്തു
text_fieldsസൗദിയിൽ നിയമലംഘകരെ സുരക്ഷാ വിഭാഗം പിടികൂടുന്നു (ഫയൽ ചിത്രം)
യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനയിൽ മൊത്തം 18,700 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ 11,500 പേരെ ഇതിനകം നാടുകടത്തി. 2025 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ രാജ്യത്തുടനീളം നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നുകളുടെ ഫലമായാണ് ഇത്രെയും നിയമലംഘകരെ പിടികൂടിയത്. ഇതിൽ 10,700 താമസ നിയമലംഘനം നടത്തിയവരാണ്. 382 പേർ അതിർത്തി സുരക്ഷാ നിയമലംഘനം നടത്തിയവരും 4,000 ത്തിലധികം തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,479 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 59 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 52 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.
തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനുമാണ് 17 പേരെ പിടികൂടിയത്. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 33,000 ത്തിലധികം പേർക്കെതിരെ നിയമാനുസൃത നടപടികൾ എടുത്തുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 29,000 പേർ പുരുഷന്മാരും 2,000 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കുന്നതിന് 25,000 ത്തിലധികം പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക,റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലു ള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് പൊതുജനകളോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

