യമന് ആശ്വാസമേകി സൗദി അറേബ്യ: 65 ലക്ഷം ലിറ്റർ വെള്ളമെത്തിച്ചു
text_fieldsറിയാദ്/അൽ ഹുദൈദ: യമനിലെ ദുരിതബാധിതർക്ക് ആശ്വാസമേകി സൗദി അറേബ്യയുടെ സമഗ്ര കുടിവെള്ള, പരിസ്ഥിതി ശുചീകരണ പദ്ധതി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ നേതൃത്വത്തിൽ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖൂഖ ജില്ലയിലാണ് പദ്ധതി വിജയകരമായി മുന്നേറുന്നത്.
ജൂൺ മാസത്തിൽ മാത്രം 65 ലക്ഷത്തോളം ലിറ്റർ ജലമാണ് പ്രദേശത്ത് വിതരണം ചെയ്തത്. ജനങ്ങളുടെ ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്കായി 52 ലക്ഷം ലിറ്റർ വെള്ളവും, ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 13 ലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളവും പദ്ധതിയിലൂടെ എത്തിച്ചുനൽകി. കുടിവെള്ള വിതരണത്തിന് പുറമെ പ്രദേശത്തെ പരിസ്ഥിതി ശുചിത്വം മുൻനിർത്തി വിപുലമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
അഭയാർത്ഥി ക്യാമ്പുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി 565 തവണ മാലിന്യശേഖരണ വാഹനങ്ങൾ സർവീസ് നടത്തി. പകർച്ചവ്യാധികൾ തടയുന്നതിെൻറ ഭാഗമായി ചതുപ്പുകളിലും ഡ്രെയിനേജ് സംവിധാനങ്ങളിലുമായി കെട്ടിക്കിടന്ന 79.2 ക്യുബിക് മീറ്റർ മലിനജലം വറ്റിച്ചു കളഞ്ഞു. കൂടാതെ 16 പൊതു ശൗചാലയങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയും, വിതരണം ചെയ്യുന്ന വെള്ളത്തിെൻറ സുരക്ഷിതത്വം ഉറപ്പാക്കാൻ ശാസ്ത്രീയമായ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു.
ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഭവനരഹിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും, അവശ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി സൗദി അറേബ്യ നടപ്പാക്കുന്ന മാനുഷിക സഹായ ദൗത്യത്തിെൻറ ഭാഗമായാണ് ഈ പദ്ധതി. നിലവിൽ 80,600-ലധികം ആളുകൾക്കാണ് പദ്ധതിയിലൂടെ നേരിട്ട് സേവനം ലഭ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

