രാജ്യത്ത് പ്രതിദിന ജലവിതരണം 1.6 കോടി ക്യൂബിക് മീറ്റർ കവിഞ്ഞു
text_fieldsറിയാദ്: രാജ്യത്തിെൻറ വികസനത്തിലും സുസ്ഥിരതാ മുൻഗണനകളിലും ജലസുരക്ഷക്കുളള പ്രാധാന്യം ഉയർത്തിപ്പിടിച്ച് 2027-നെ ‘ജല വർഷമായി’ നാമകരണം ചെയ്യുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. പ്രതിദിന ജലവിതരണത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ചതിനും, 11-ാമത് ലോക ജല ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ തലസ്ഥാനമായ റിയാദ് ഒരുങ്ങുന്നതിനുമൊപ്പമാണ് ഈ നിർണായക പ്രഖ്യാപനം.
2027 മാർച്ച് മാസത്തിലാണ് റിയാദ് ലോക ജല ഫോറത്തിന് വേദിയാകുന്നത്. ജലപരിപാലനത്തിലും ജലസുരക്ഷാ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മയാണിത്. ജലക്ഷാമം, പദ്ധതികളുടെ ധനസഹായം, സാങ്കേതിക നവീകരണം, കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടൽ, പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ, മന്ത്രിമാർ, വിദഗ്ദ്ധർ, അന്താരാഷ്ട്ര സംഘടനകൾ, പ്രമുഖ കമ്പനികൾ എന്നിവർ ഫോറത്തിൽ ഒന്നിക്കും.
ഈ അന്താരാഷ്ട്ര ഫോറത്തിന് മുന്നോടിയായി ജല ഉപഭോഗം കുറയ്ക്കൽ, ജലസ്രോതസ്സുകൾ സംരക്ഷിക്കൽ, സാമൂഹിക അവബോധം വളർത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും സംരംഭങ്ങളും നടപ്പാക്കാൻ രാജ്യത്തിന് വ്യക്തമായ ഒരു ദേശീയ ചട്ടക്കൂട് ഈ പ്രഖ്യാപനത്തിലൂടെ ലഭിക്കും. കഴിഞ്ഞ ദശകത്തിൽ സൗദിയുടെ ജലമേഖലയിലുണ്ടായ വിപ്ലവാത്മകമായ പുരോഗതിയാണ് ഈ തീരുമാനത്തിന് പിന്നിൽ.
കടൽജല ശുദ്ധീകരണ ഉൽപ്പാദനം വർധിപ്പിക്കൽ, വിതരണ-സംഭരണ ശൃംഖലകൾ വിപുലീകരിക്കൽ, ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കൽ, ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് കുറയ്ക്കൽ എന്നിവയിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സൗദിയിലെ ജലവിതരണം 2016-ൽ പ്രതിദിനം 90 ലക്ഷം ക്യൂബിക് മീറ്ററായിരുന്നത് 2025-ഓടെ 1.6 കോടിയിലധികം ക്യൂബിക് മീറ്ററായി ഉയർന്നു.
നിലവിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതമായ കുടിവെള്ള സേവനം ലഭ്യമാണ്. ജലവിതരണ ശൃംഖലയുടെ വിസ്തൃതി ഏകദേശം 85 ശതമാനമായി വർധിച്ചു. കൂടാതെ, 2016-നെ അപേക്ഷിച്ച് ജലസംഭരണ ശേഷിയിൽ 125 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. ഭൂഗർഭജലത്തിെൻറ ഉപഭോഗം പ്രതിവർഷം 2,100 കോടി ക്യൂബിക് മീറ്ററിൽ നിന്ന് 1,100 കോടിയോളം ക്യൂബിക് മീറ്ററായി കുറയ്ക്കാൻ സാധിച്ചതും വലിയ നേട്ടമാണ്.
വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ജനവാസ മേഖലകളിലും ജലമെത്തുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ജലശുദ്ധീകരണ പദ്ധതികളും വിതരണ-സംഭരണ ശൃംഖലകളും വൻതോതിൽ വിപുലീകരിച്ചിട്ടുണ്ട്. റാസ് അൽഖൈർ, ജുബൈൽ, ശുഐബ, ഷുഖൈഖ് എന്നിവിടങ്ങളിലെ പ്ലാൻറുകളാണ് സൗദിയിലെ കടൽജല ശുദ്ധീകരണത്തിെൻറ പ്രധാന ഉൽപ്പാദന സ്രോതസ്സുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

