ആരോഗ്യരംഗത്ത് ചരിത്രമെഴുതി സൗദി; ആദ്യ റോബോട്ടിക് സ്തന പുനർനിർമാണ ശസ്ത്രക്രിയ വിജയകരം
text_fieldsറിയാദ്: രാജ്യത്ത് ആദ്യമായി റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അത്യാധുനിക സ്തന പുനർനിർമാണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. റിയാദിലെ സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയിലാണ് 43 വയസ്സുകാരിയായ സ്വദേശി വനിതക്കാണ് ഈ സങ്കീർണ ശസ്ത്രക്രിയ നടത്തിയത്. സ്തനാർബുദത്തെ തുടർന്ന് നേരത്തേ സ്തനവും മുലക്കണ്ണും ചുറ്റുമുള്ള ചർമവും നിലനിർത്തിക്കൊണ്ടുള്ള മാസ്റ്റെക്ടമി ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്കാണ് പുനർനിർമാണം നടത്തിയത്.
പ്രത്യേക പരിശീലനം നേടിയ സൗദി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം റോബോട്ടിക് സാങ്കേതികവിദ്യയും മൈക്രോ സർജറിയും സംയോജിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. രോഗിയുടെ വയറ്റിലെ ചർമവും കൊഴുപ്പും അടങ്ങിയ കോശങ്ങൾ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചെടുത്ത് നെഞ്ചിലേക്ക് മാറ്റിവെച്ചാണ് സ്തനത്തിന്റെ സ്വാഭാവിക ഘടന വീണ്ടെടുത്തത്.
പരമ്പരാഗത രീതികളെ അപേക്ഷിച്ച് വളരെ ചെറിയ മുറിവുകളിലൂടെ സങ്കീർണമായ ശസ്ത്രക്രിയാ ഘട്ടങ്ങൾ പൂർത്തിയാക്കാൻ റോബോട്ടിക് സംവിധാനം സഹായിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വയറിന്റെ ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ കുറക്കാനും ഹെർണിയ, വീക്കം തുടങ്ങിയ സങ്കീർണതകൾ പൂർണമായി ഒഴിവാക്കാനും കൃത്യത വർധിപ്പിച്ച് രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ലോകത്ത് സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സ്തനാർബുദ ചികിത്സയിൽ, ശസ്ത്രക്രിയയിലൂടെ നഷ്ടപ്പെടുന്ന ശാരീരിക രൂപം വീണ്ടെടുക്കുന്നത് രോഗികളുടെ ആത്മവിശ്വാസവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഏറെ അനിവാര്യമാണ്. വിഷൻ 2030-ന്റെ ഭാഗമായി ആരോഗ്യരംഗത്ത് നൂതന സാങ്കേതികവിദ്യകളും ശാസ്ത്ര ഗവേഷണങ്ങളും നടപ്പിലാക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ഈ വിജയമെന്ന് അധികൃതർ വിലയിരുത്തി.
അതിസങ്കീർണ്ണമായ ചികിത്സകൾ നിർവഹിക്കാൻ പ്രാപ്തിയുള്ള ദേശീയ മെഡിക്കൽ ടീമും അത്യാധുനിക സംവിധാനങ്ങളും രാജ്യത്തുണ്ടെന്നതിന്റെ തെളിവാണിതെന്ന് ശൂറാ കൗൺസിൽ അംഗം ഫാദിൽ അൽ ബുഐനൈൻ അഭിപ്രായപ്പെട്ടു. റോബോട്ടിക് സംവിധാനങ്ങളും മൈക്രോ സർജറിയും ഒരുമിക്കുന്നത് ശസ്ത്രക്രിയാ കൃത്യത വർധിപ്പിക്കുകയും ചികിത്സാഫലം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ശാസ്ത്രീയ ഗവേഷണ, നൂതനാശയ അസോസിയേഷൻ ചെയർമാൻ ഡോ. അബ്ദുല്ല അൽ അകേൽ പറഞ്ഞു.
ആശുപത്രികളും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഇത്തരം മുന്നേറ്റങ്ങൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂതന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാൻ പ്രാപ്തിയുള്ള മനുഷ്യവിഭവശേഷി വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് ഡബ്ല്യു.എസ്.എം ഫോർ ഇൻഫർമേഷൻ ടെക്നോളജി എ.ഐ ഡയറക്ടർ അബ്ദുറഹ്മാൻ അൽ ഖുആരി വ്യക്തമാക്കി. ആരോഗ്യ പരിചരണം, ആധുനിക സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് സ്വയംപര്യാപ്തമായ ആരോഗ്യ മേഖല കെട്ടിപ്പടുക്കാനുള്ള സൗദിയുടെ കുതിപ്പിലെ നിർണായക നാഴികക്കല്ലാണ് ഈ നേട്ടം.

