സൗദിയിൽ കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; നിയമം കർശനമാക്കി
text_fieldsറിയാദ്: രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം ശക്തമാക്കുന്നതിെൻറ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമ വ്യവസ്ഥകളിൽ സൗദി അറേബ്യ സുപ്രധാന മാറ്റങ്ങൾ വരുത്തി. ബാങ്കിങ് മേഖലക്ക് പുറമെ നിക്ഷേപം, റിയൽ എസ്റ്റേറ്റ്, സ്വർണം, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ വ്യാപാരം, നിക്ഷേപ പോർട്ട്‌ഫോളിയോ മാനേജ്‌മെൻറ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, ചില നിയമ-അക്കൗണ്ടിങ് പ്രവർത്തനങ്ങൾ എന്നിവയെക്കൂടി പുതിയ ഭേദഗതിയിലൂടെ നിയമപരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.
വലിയ സാമ്പത്തിക ഒഴുക്കുള്ള മേഖലകളിലെ നിയമപരമായ പഴുതുകൾ അടക്കാനും, അതിർത്തി കടന്നുള്ള അനധികൃത പണമൊഴുക്ക് തടയാനുമാണ് ഈ വിപുലീകരണം. ഇതോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ യാത്രക്കാരുടെ പണമിടപാടുകൾക്കും ആസ്തികൾക്കും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പുതിയ നിയമപ്രകാരം സൗദിയിലേക്ക് പ്രവേശിക്കുമ്പോഴോ രാജ്യത്തുനിന്ന് പുറത്തുപോകുമ്പോഴോ 40,000 സൗദി റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണം, സ്വർണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ, അല്ലെങ്കിൽ വിദേശ കറൻസിക്ക് തുല്യമായ ആഭരണങ്ങൾ എന്നിവ കൈവശം വെക്കുന്ന യാത്രക്കാർ അത് കസ്റ്റംസിൽ നിർബന്ധമായും എഴുതി നൽകി വെളിപ്പെടുത്തണം.
ഒപ്പം വാങ്ങൽ ഇൻവോയ്‌സും സമർപ്പിക്കേണ്ടതുണ്ട്. വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ആസ്തികൾ പിടിച്ചെടുക്കാൻ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. കള്ളപ്പണം സംശയിക്കാത്ത പക്ഷം, ആദ്യ തവണ ചട്ടം ലംഘിക്കുന്നവരിൽ നിന്ന് വസ്തുക്കളുടെ മൂല്യത്തിെൻറ 10 മുതൽ 25 ശതമാനം വരെയും, കുറ്റം ആവർത്തിച്ചാൽ 50 ശതമാനവും പിഴ ഈടാക്കും. കള്ളപ്പണ ഇടപാടുകൾ സംശയിക്കുന്ന കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനിലേക്കും റഫർ ചെയ്യും.
സൗദി സെൻട്രൽ ബാങ്ക്, ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി, നാഷണൽ സെന്റർ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ദി നോൺ-പ്രോഫിറ്റ് സെക്ടർ എന്നീ മേൽനോട്ട-നിയന്ത്രണ അതോറിറ്റികൾക്ക് ഇനി മുതൽ നിയമം നടപ്പാക്കുന്നതിൽ നേരിട്ട് ഉത്തരവാദിത്തമുണ്ടായിരിക്കും. പുതിയ ഭേദഗതിപ്രകാരം ധനകാര്യ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ 'റിസ്ക് അധിഷ്ഠിത സ്വയം വിലയിരുത്തലുകൾ' നടത്തുകയും അവ രേഖപ്പെടുത്തുകയും വേണം.
കൂടാതെ, സാമ്പത്തിക ഇടപാടുകൾക്ക് മുൻപായി ഉപഭോക്താക്കളുടെ കൃത്യമായ ഐഡന്റിറ്റി പരിശോധന പൂർത്തിയാക്കിയിരിക്കണം. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, ജുഡീഷ്യൽ-സൈനിക ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് മുൻപായി സ്ഥാപനങ്ങൾ തങ്ങളുടെ മുതിർന്ന മാനേജ്‌മെന്റിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം.
ഇവരുടെ സമ്പത്തിെൻറ ഉറവിടം വ്യക്തമായി തിരിച്ചറിയുകയും ഇടപാടുകളിൽ കടുത്ത മേൽനോട്ടം ഉറപ്പാക്കുകയും വേണം. തുകയുടെ വലുപ്പ വ്യത്യാസമില്ലാതെ, സംശയാസ്പദമായ ഏതൊരു ഇടപാടും ഉടനടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനിൽ റിപ്പോർട്ട് ചെയ്യാൻ നിയമം അനുശാസിക്കുന്നു. അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും ഡാറ്റയും ഉടനടി നൽകാൻ നിയന്ത്രണങ്ങൾക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

