സൗദിയിൽ കോവിഡ് പ്രതിരോധം ലംഘിച്ചാൽ വൻതുക പിഴ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് പ്രതിരോധം ലംഘിച്ചാൽ വൻതുക പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. ആരോഗ്യ മുൻകരുതലിെൻറ ഭാഗമായി ആളുകൾ കൂടിച്ചേരുന്നതിന് നിശ്ചയിച്ചിട്ടുള്ള പെരുമാറ്റചട്ടങ്ങൾ ലംഘിച്ചാൽ ചുമത്തുന്ന പിഴകൾ തരംതിരിച്ച് മന്ത്രാലയം വിശദീകരിച്ചു. വീടിനകത്തോ ഇസ് തിറാഹകളിലോ ഫാമുകളിലോ ഒന്നിലധികം കുടുംബങ്ങൾ സംഗമിച്ചാൽ 10,000 റിയാലാണ് പിഴ. ഇൗ സ്ഥലങ്ങളിലും തമ്പുകളിലും തുറസ്സായ സ്ഥലങ്ങളിലും ബാച്ചിലർമാർ കൂട്ടം ചേർന്നാൽ 15,000 റിയാൽ പിഴ ചുമത്തും.
മരണത്തെ തുടർന്നുള്ള അനുശോചനം, വിവിധതരം പാർട്ടികൾ തുടങ്ങിയ പരിപാടികളിൽ 50ലധികം ആളുകൾ ഒത്തുചേർന്നാൽ 40,000 റിയാലായിരിക്കും പിഴ. വീടിനകത്തോ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലോ, ഇസ്തിറാഹകളിലോ, ഫാമുകളിലോ മറ്റോ തൊഴിലാളികൾ കൂടിച്ചേർന്നാൽ പിഴ 50,000 റിയാൽ. താമസസ്ഥലത്ത് അവിടെ താമസക്കാരല്ലാത്ത അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരുന്നതും നിയമലംഘനമായി കണക്കാക്കും. കച്ചവട കേന്ദ്രങ്ങൾക്ക് അകത്തോ പുറത്തോ ഷോപ്പിങ്ങിനെത്തുന്നവരോ തൊഴിലാളികളോ നിശ്ചയിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയാൽ 5,000 റിയാൽ പിഴ ചുമത്തും. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ.
മാസ്ക് ധരിക്കാത്തവരെ അകത്ത് പ്രവേശിപ്പിക്കുക, സ്റ്റെറിലൈസറുകൾ ഒരുക്കാതിരിക്കുക, മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില അളക്കാനുള്ള സംവിധാനങ്ങളില്ലാതിരിക്കുക, ഒരോ തവണ ഉപയോഗിച്ച ശേഷം ഷോപ്പിങ് ട്രോളികളും പ്ലാസ്റ്റിക് കുട്ടകളും ശുചീകരിക്കാതിരിക്കുക, കുട്ടികളുടെ കളിസ്ഥലം, വസ്ത്രങ്ങളുടെ അളവ് നോക്കുന്ന സ്ഥലം എന്നിവ അടച്ചിടാതിരിക്കുക, തറ ശുദ്ധീകരിക്കാതിരിക്കുക എന്നിവയും നിയമലംഘനങ്ങളാണ്. മാസ്ക് ധരിക്കൽ പോലുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്ക് 1000 റിയാലായിരിക്കും പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
