24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് മലയാളികൾ
text_fieldsറിയാദ്: കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഏഴ് മലയാളികൾ സൗദി അറേബ്യയിൽ മരിച്ചു. ജിദ്ദ, മക്ക, ദമ്മാം, ജുബൈൽ, റിയാദ്, ദവാദ്മി എന്നിവിടങ്ങളിലാണ് സ്ത്രീയടക്കം ആറ് പ്രവാസികൾ മരിച്ചത്.
മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍ (50) ആണ് മക്കയിൽ മരിച്ചത്. മക്കയില്‍ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പിതാവ്: മൂസക്കുട്ടി. മാതാവ്: ആയിഷ. ഭാര്യ: നുസ്റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹാന ഷെറിൻ.
കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ നാണു ആചാരിയുടെ മകൻ രാജു (56) ആണ് ജുബൈലിൽ മരിച്ചത്. ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്ണമ്മ.
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമിനികാണ് (38) ദവാദ്മിയിൽ മരിച്ചത്. ദവാദ്മി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ ജീവനക്കാരനാണ്. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ റൂബി ഇസ്രായേലിൽ നഴ്സാണ്. മക്കൾ: ആൽവിന, അയന.
പത്തനംതിട്ട തിരുവല്ല സ്വദേശിനി സിമി സുരേഷ് ആനന്ദ് (48) ആണ് ജിദ്ദയിൽ മരിച്ചത്. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽഹനൂഫ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരിയായിരുന്നു. ഭർത്താവും രണ്ട് മക്കളും നാട്ടിലാണ്.
ഏറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയില്‍ സാബു ടി. മാത്യു (52) ആണ് റിയാദില്‍ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. റിയാദിൽ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സനാഇയയില്‍ വാഹന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. റിയാദിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഭാര്യ: ബിനി സാബു. മക്കൾ: സാന്ദ്ര സാബു, സലൻ സാബു.
മലപ്പുറം പാണ്ടിക്കാട് ഒറവമ്പുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50) ആണ് ദമ്മാമിൽ മരിച്ചത്. ദമ്മാം സെൻട്രൽ ആശുപത്രിയിൽ കഴിയവേ ആയിരുന്നു മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 15 വർഷമായി ദമ്മാമിൽ കൺസ്ട്രക്ഷൻ സൂപ്പർവൈസറായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിലെ അബ്സാൽ പോൾ കമ്പനിയിൽ സൂപർവൈസറായിരുന്നു. ശൈലജയാണ് ഭാര്യ. മകൻ ഷാൻ. അച്ഛൻ ഗോപാലൻ താഴത്ത്, അമ്മ കല്യാണി.
ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 42 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
