അപലപിച്ച് സൗദി അറേബ്യ; ഇസ്രായേലിന്റെ ഇറാൻ ആക്രമണം സ്ഥിതി വഷളാക്കും
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയെ ദുർബലപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഈ ഹീനമായ ആക്രമണങ്ങളെ സൗദി അപലപിക്കുമ്പോൾ തന്നെ അന്താരാഷ്ട്ര സമൂഹത്തിനും യു.എൻ. സുരക്ഷ സമിതിക്കും ഈ ശത്രുത ഉടനടി അവസാനിപ്പിക്കാൻ വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി ടെലിഫോണിൽ സംസാരിച്ച സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ അവിവേകം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. നയതന്ത്ര പരിഹാരങ്ങളിൽ എത്തിച്ചേരാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തും. ആക്രമണത്തെ പൂർണമായും തള്ളിപ്പറയുന്നതായും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെ മാർഗമാണ് സ്വീകരിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം, അതിന്റെ പ്രാദേശിക പ്രത്യാഘാതങ്ങൾ, മേഖലയിലെ സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അമീർ ഫൈസൽ ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ ആത്വിയുമായും ഫോണിൽ സംസാരിച്ചു. ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദിയുമായും മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

