ജിസിസി രാജ്യങ്ങൾക്കും ജോർദാനുമെതിരെയുള്ള ഇറാന്‍റെ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ
text_fieldsജനീവ/റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. അറബ് കൂട്ടായ്മക്ക് വേണ്ടി ജനീവയിൽ യു.എൻ അസംബ്ലിയിൽ സംസാരിക്കവെയാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് സൗദി പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായ ഇത്തരം നടപടികൾ രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണെന്നും സൗദി അറിയിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിെൻറ 61-ാം സെഷനിൽ, അറബ് ഗ്രൂപ്പിന് വേണ്ടി സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ മുഹ്സിൻ ബിൻ മജീദ് ബിൻ ഖുതൈലയാണ് പ്രസ്താവന നടത്തിയത്.
മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഈ ആക്രമണങ്ങൾ വലിയ ഭീഷണിയാണെന്ന് പ്രസ്താവനയിൽ പറയുന്നു. അറബ് രാജ്യങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും സംഘർഷങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇറാെൻറ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രകോപനം ഉണ്ടായതെന്ന് സൗദി കുറ്റപ്പെടുത്തി. ഇത് സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും തകർക്കുന്നതും നീതീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് ഇരയായ മറ്റ് അറബ് രാജ്യങ്ങളോട് സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും വിധേയമായി തങ്ങളുടെ ജനങ്ങളെയും സുരക്ഷയെയും സംരക്ഷിക്കാനും പ്രതിരോധിക്കാനും ഈ രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

