സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം; ഉംറ കമ്പനികൾ തീർഥാടകരുടെ മടക്കയാത്രയുടെ സമയപരിധി പാലിക്കണം
text_fieldsസൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം മക്ക ഡെപ്യൂട്ടി അമീർ മിശ്അൽ ബിൻ അബ്ദുൽ
അസീസിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ
മക്ക: ഉംറ തീർഥാടകരുടെ മടക്കയാത്രക്ക് നിശ്ചയിച്ചിരിക്കുന്ന സമയപരിധി പാലിക്കാൻ ഉംറ കമ്പനികൾ ജാഗ്രത പുലർത്തണമെന്ന് സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. റമദാനിൽ മക്ക ഹറമിലെത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗമാണ് ഉംറ കമ്പനികളെ ഇക്കാര്യം ഓർമിപ്പിച്ചത്.
മക്ക ഡെപ്യൂട്ടി അമീർ മിശ്അൽ ബിൻ അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റമദാൻ ഒരുക്കവും സേവനങ്ങളുടെ സജ്ജീകരണവും വിലയിരുത്തി. ഹറം സന്ദർശിക്കുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഭരണകൂട നിർദേശങ്ങൾ പാലിച്ച് ഒരു സംഘമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു.
വിദേശത്തുനിന്ന് വരുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം ഹജ്ജ്-ഉംറ മന്ത്രാലയം അവലോകനം ചെയ്തു. ഉംറ കമ്പനികൾ ദുൽഖഅ്ദ ഒന്നാം തീയതിക്ക് മുമ്പ് തീർഥാടകർ രാജ്യം വിട്ടുപോകുന്നതിനുള്ള സമയപരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഉംറ വിസയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഉണ്ടാകുമ്പോൾ അക്കാര്യങ്ങൾ തീർഥാടകരെ അറിയിക്കാൻ കമ്പനികൾ ജാഗ്രത പുലർത്തണം. ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന കമ്പനികൾക്കും ഏജൻസികൾക്കും വേണ്ട നിർദേശങ്ങൾ സദാസമയം നൽകാൻ ഹജ്ജ് ഉംറ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും മേഖല ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
മക്ക മുനിസിപ്പാലിറ്റി, മസ്ജിദുൽ ഹറാം കാര്യാലയം, മക്ക-മശാഇർ റോയൽ കമീഷൻ, റെഡ് ക്രസന്റ്, ആരോഗ്യവകുപ്പ് എന്നിവ സമർപ്പിച്ച റമദാൻ പ്രവർത്തന പദ്ധതി കമ്മിറ്റി അവലോകനം ചെയ്തു.
ശുചീകരണത്തിനും പരിസര ശുചിത്വപരിപാലനത്തിനും പുറമേ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണ പദ്ധതികളും ഉൾപ്പെടുന്നതാണ് മക്ക മുനിസിപ്പാലിറ്റിയുടെ പ്രവർത്തനപദ്ധതി. 1500 മീറ്റർ നീളമുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ ഇടനാഴിയിലെ കാൽനട നടപ്പാതകൾ പുനഃസ്ഥാപിക്കുന്നതും വെയ്റ്റിങ് കസേരകളും മാലിന്യപ്പെട്ടികളും ഒരുക്കലും പദ്ധതിയിലുണ്ട്. 1500ലധികം ശുചീകരണ തൊഴിലാളികൾ 24 മണിക്കൂറും പ്രവർത്തിക്കും. 120ലധികം ശുചീകരണ ഉപകരണങ്ങൾ ഇവർക്ക് നൽകും. മക്കയിലേക്കുള്ള പ്രവേശനകവാടങ്ങളിലും സെൻട്രൽ ഏരിയക്ക് ചുറ്റുമുള്ള ഗതാഗത സ്റ്റേഷനുകളിലും നിരവധി വാഹനപാർക്കുകൾ ഒരുക്കുന്നതും മുനിസിപ്പാലിറ്റിയുടെ റമദാൻ പദ്ധതിയിലുൾപ്പെടും. ശുചിത്വപാലനം, ഇഫ്താർ, മാർഗനിർദേശം, സംസം, പരവതാനികൾ, ഉന്തുവണ്ടികൾ, വാതിലുകൾ, ടോയ്ലറ്റുകൾ, സുഗന്ധദ്രവ്യം പൂശൽ, പരിസ്ഥിതി സംരക്ഷണം, പരിഭാഷ, ഇഅ്തികാഫ്, മുസ്ഹഫ്, ലിഫ്റ്റുകൾ, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയ കാര്യങ്ങൾ മസ്ജിദുൽ ഹറാം ജനറൽ അതോറിറ്റിയുടെ പ്രവർത്തനപദ്ധതിയിൽ ഉൾപ്പെടുന്നതാണ്.
ബസ് റൂട്ടുകൾ, മക്ക ടാക്സി പദ്ധതിയുടെ ആദ്യ ഘട്ടമായി 47 സ്ഥലങ്ങളിൽ 100 വാഹനങ്ങളെയും ഡ്രൈവർമാരെയും സജ്ജമാക്കൽ, പൊതുഗതാഗതത്തിനായി മക്ക ബസുകൾക്ക് 12 റൂട്ടുകൾ പ്രവർത്തിപ്പിക്കൽ എന്നിവ മക്ക-മശാഇർ റോയൽ കമീഷന്റെ റമദാൻ പദ്ധതിയിലുൾപ്പെടുന്നതാണ്.
സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ പദ്ധതിയും കമ്മിറ്റി അവലോകനം ചെയ്തു. 99 എമർജൻസി സെന്ററുകൾ, 75 ആംബുലൻസ് വാഹനങ്ങൾ, 1400 സ്ത്രീ-പുരുഷ വളന്റിയർമാർ, 339 പാരാമെഡിക്കലുകൾ ഉൾപ്പെടെ 789 ജീവനക്കാർ റെഡ് ക്രസന്റിന് കീഴിലുണ്ടാകും. ആംബുലൻസ് സേവനങ്ങൾ നൽകുന്നതിന് 30 ഗോൾഫ് വാഹനങ്ങളുമുണ്ടാകും. ഹറമിലെ മൂന്നാമത് സൗദി വിപുലീകരണ ഭാഗത്തെ ഒരുക്കവും കേന്ദ്ര ഹജ്ജ് കമ്മിറ്റി അവലോകനം ചെയ്തു.
റമദാൻ മാസത്തിൽ വിശ്വാസികളെയും തീർഥാടകരെയും സ്വീകരിക്കാൻ ഹറമിനകവും പുറത്തെ മുറ്റങ്ങളും ഒരുക്കുമെന്ന് കമ്മിറ്റി പറഞ്ഞു. അജിയാദ് എമർജൻസി ആശുപത്രി, അൽഹറം എമർജൻസി ആശുപത്രി, അൽഹറം എമർജൻസി സെന്ററുകൾ എന്നിങ്ങനെ മൂന്ന് ഹെൽത്ത് സൈറ്റുകൾ പ്രവർത്തന സജ്ജമാക്കൽ എന്നിവയാണ് ആരോഗ്യ വകുപ്പ് നടത്തുന്ന ഒരുക്കങ്ങൾ. ഒഴിപ്പിക്കൽ പോയന്റുകൾക്ക് സമീപം, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലും വെള്ളിയാഴ്ചകളിലും ആരോഗ്യ സേവനത്തിൽ എമർജൻസി ടീമുകളെ ഒരുക്കലും ആരോഗ്യ വകുപ്പ് റമദാൻ പദ്ധതിയിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

