സൗദി സമഗ്ര വികസന പദ്ധതി ‘വിഷൻ 2030’ന് മൂന്നാം ഘട്ടത്തിന് തുടക്കം
text_fieldsറിയാദ്: കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിലുണ്ടായ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ ഗുണപരമായ നേട്ടങ്ങൾ നിലനിർത്തിയതായി കിരീടാവകാശിയും ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു.
കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് ‘വിഷൻ 2030’-െൻറ പുരോഗതി അവലോകനം ചെയ്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രപരമായ ആസൂത്രണവും, വഴക്കമുള്ള സാമ്പത്തിക നയങ്ങളുമാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിലെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിെൻറ മാർഗനിർദേശപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതി, രാജ്യത്തിെൻറ സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, സാമൂഹിക ജീവിതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
മൂന്നാം ഘട്ടത്തിന് തുടക്കം
വിഷൻ 2030-െൻറ ഏറ്റവും നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2026-ൽ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് (2030 വരെ) നീണ്ടുനിൽക്കുന്ന ഈ ഘട്ടം, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങളോടെ നടപ്പാക്കും. സൗദി അറേബ്യയെ ലോകത്തെ വികസിത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നീങ്ങുന്നത്.
മാനവവിഭവശേഷിയിലെ നിക്ഷേപം
രാജ്യത്തെ യുവതലമുറയാണ് വിഷെൻറ ഏറ്റവും വലിയ നിക്ഷേപമെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു. സ്വദേശീ പൗരന്മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ അവരെ മത്സരസജ്ജരാക്കുന്നതിനുമാണ് പദ്ധതി മുൻഗണന നൽകുന്നത്. ഈ ലക്ഷ്യം വരും വർഷങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ മുൻനിർത്തി എല്ലാ സർക്കാർ ഏജൻസികളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സമഗ്രവും സുസ്ഥിരവുമായ വികസനത്തിൽ കൈവരിച്ച നേട്ടങ്ങളെ കിരീടാവകാശി അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

