ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ സൗദിയുടെ മുന്നേറ്റം വിസ്മയകരമെന്ന് ഒമാനി ഡിജിറ്റൽ ഡിസൈനർ
text_fieldsആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഡിയോ ഇൻഡസ്ട്രി ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്ന വിഷയത്തിൽ അൽ അഹ്സയിൽ നടന്ന യുവാക്കളുടെ പരിശീലന പരിപാടിയിൽ ഒമാനിലെ സുൽത്താനേറ്റ് ഡിജിറ്റൽ ഡിസൈനറും വിഷ്വൽ ഇഫക്ട് വിദഗ്ധനുമായ അബ്ദുൽ അസീസ് അൽ അബ്രി സംസാരിക്കുന്നു
ദമ്മാം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ സൗദി അറേബ്യ മികച്ച പുരോഗതി കൈവരിച്ചതായി ഒമാനിലെ സുൽത്താനേറ്റ് ഡിജിറ്റൽ ഡിസൈനറും വിഷ്വൽ ഇഫക്ട് വിദഗ്ധനുമായ അബ്ദുൽ അസീസ് അൽ-അബ്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ വിദഗ്ധരെന്ന നിലയിൽ ഞങ്ങളെ സൗദി ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഈ മേഖലയിൽ ആദ്യം തന്നെ സൗദി അറേബ്യ നിക്ഷേപം നടത്തിയതും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഡിയോ ഇൻഡസ്ട്രി ആൻഡ് വിഷ്വൽ ഇഫക്ട്സ്’ എന്ന വിഷയത്തിൽ അൽ അഹ്സയിൽ സംഘടിപ്പിച്ച യുവാക്കളുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ സമർഥരായ യുവാക്കൾക്ക് വേണ്ടി സൊസൈറ്റി ഫോർ കൽച്ചറൽ ആൻഡ് ആർട്സ് ആണ് സെമിനാർ സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്താണ്, അതിെൻറ ഗുണദോഷങ്ങൾ, ഈ മേഖലയിൽ എങ്ങനെ ആശയങ്ങൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യാം എന്നിവയാണ് പ്രധാനമായും വർക്ഷോപ്പിൽ ചർച്ചയായത്. വിഷ്വൽ ഇഫക്റ്റുകൾ നിർമിക്കുന്നതിെൻറ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചതിനുശേഷമുള്ള പ്രയോഗവൽക്കരണത്തിൽ, വർക്ഷോപ്പിൽ പങ്കെടുത്ത യുവാക്കളുടെ കഴിവും ഇടപെടലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് വിഡിയോകൾ നിർമിക്കാനുള്ള അവരുടെ ഉത്സാഹവും തന്നെ അതിശയിപ്പിച്ചെന്നും ഈ മേഖലയിലെ സൗദിയുടെ ശോഭനഭാവിയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനാർഥികൾ നിർമിച്ച വിഷ്വൽ ഇഫക്റ്റുകളുള്ള രണ്ട് വിഡിയോകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അൽ-അബ്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഡിയോകൾ നിർമിക്കുന്നത് ചിന്തയെ ജ്വലിപ്പിക്കുമെന്നും മുന്നേറാനും വികസിപ്പിക്കാനും സഹായിക്കുന്ന ആശയങ്ങളിലേക്ക് യുവാക്കളെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻറർനാഷനൽ വിഡിയോ ആർട്ട് ഫോറത്തിെൻറ അഞ്ചാമത്തെ സെഷനിൽ തന്നെ ലോകത്തിലെ ഏറ്റവും പുതിയ ആർട്ട് മീഡിയക്കൊപ്പം ചുവടുറപ്പിക്കാൻ കഴിഞ്ഞതായി അദ്ദേഹം നിരീക്ഷിച്ചു.
ഒക്ടോബറിൽ അൽ-അഹ്സ ഗവർണറേറ്റിൽ നടക്കുന്ന അന്താരാഷ്ട്ര സെഷനിൽ ഇൻറർനാഷനൽ വിഡിയോ ആർട്ട് ഫോറം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ഈ പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കപ്പെട്ടത്.
ദമ്മാമിലെ കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷൻ, അബ്ദുൽ മൊനെയിം അൽ റഷീദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷെൻറ സംരംഭങ്ങളിലൊന്നായ നൂറ അൽ മൂസ ഹൗസ് ഫോർ കൾച്ചർ ആൻഡ് ക്രിയേറ്റിവ് ആർട്സുമായി സഹകരിച്ചാണ് ഈ പരിശീലന പരിപാടി.
സെപ്റ്റംബർ ഏഴിന് ദമ്മാമിൽ അഞ്ചാമത് അന്താരാഷ്ട്ര വിഡിയോ ആർട്സ് ഫോറത്തിന് തുടക്കമാകും. അമീറ ബന്ദൂര ബിന്ദിലെ ഫൈൻ പെയിൻറിങ് അസോസിയേറ്റ് പ്രഫസർ ഡോ. ഹനാൻ യൂസഫ് അൽ അഹ്മദ് അവതരിപ്പിക്കുന്ന വിഡിയോ ആർട്ട് പ്രഭാഷണം, അൽ അഹ്സ അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിലെ നൂറ അൽ മൂസ ഹൗസിലിെൻറ ‘സംസ്കാരവും കലകളും’ എന്ന വിഷയത്തിലെ പ്രഭാഷണം എന്നിവയും ഇതിനോടൊപ്പം നടക്കും.