ഡമാസ്കസ് അന്താരാഷ്ട്ര മേളയിൽ സൗദി അറേബ്യയും സിറിയയും 11 കരാറുകളിൽ ഒപ്പുവെച്ചു
text_fields62 -മത് ഡമാസ്കസ് അന്താരാഷ്ട്ര മേളയിൽ സൗദി കമ്പനികളും സിറിയൻ കമ്പനികളും തമ്മിൽ കരാറുകളിൽ ഒപ്പിടുന്നു
ജിദ്ദ: 62-ാമത് ഡമാസ്കസ് അന്താരാഷ്ട്ര മേളയിൽ സൗദി കമ്പനികളും സിറിയൻ കമ്പനികളും തമ്മിൽ ചരക്ക് സേവന മേഖലകളിൽ 11 ഗുണപരമായ കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പുവച്ചു. ‘നമ്മൾ പരസ്പരം സാമ്യമുള്ളവരാണ്’ പ്രമേയത്തിൽ നടന്ന മേളയിൽ സൗദി അറേബ്യ വിശിഷ്ടാതിഥി രാജ്യമായിരുന്നു. മേളയിലെ സൗദി പവലിയനിൽ നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും ദേശീയ കമ്പനികളുടെയും പ്രതിനിധികൾ ഒത്തുചേർന്നു.
ഊർജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, സൗദി കയറ്റുമതി വികസന അതോറിറ്റി, സൗദി സിറിയൻ ബിസിനസ് കൗൺസിൽ, സൗദി കയറ്റുമതി ഇറക്കുമതി ബാങ്ക് തുടങ്ങിയ പ്രധാന സർക്കാർ സ്ഥാപനങ്ങളെല്ലാം പവലിയനിൽ ഉൾക്കൊള്ളിച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 80 ലധികം കമ്പനികൾ പങ്കെടുത്ത പവലിയൻ, ബിസിനസുകാർ, നിക്ഷേപകർ, സന്ദർശകർ എന്നിവരിൽ നിന്ന് ശക്തമായ താൽപര്യം പ്രകടിപ്പിച്ചു. സൗദി അറേബ്യയും സിറിയയും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന് പവലിയൻ ഏറെ ഗുണകരമായി വർത്തിച്ചു.
സൗദി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും മത്സരശേഷിയും രാജ്യത്തിന്റെ സാന്നിധ്യം ഉയർത്തിക്കാട്ടിയതായും സിറിയൻ വിപണിയുമായുള്ള സഹകരണത്തിന് പുതിയ വഴികൾ തുറന്നതായും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ സാമ്പത്തിക സംയോജനത്തിനുള്ള അവസരങ്ങൾ സൃഷ്ടിച്ചതായും മേളയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിശിഷ്ടാതിഥി രാജ്യം എന്ന നിലയിൽ സൗദി അറേബ്യയുടെ പങ്കാളിത്തം സിറിയൻ വിപണിയിൽ സാമ്പത്തിക സാന്നിധ്യം വികസിപ്പിക്കുന്നതിനും വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന അവസരമായി മാറി.
എണ്ണ ഇതര കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഡമാസ്കസ് അന്താരാഷ്ട്ര മേളയിൽ സൗദിയുടെ പങ്കാളിത്തം. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ അഞ്ച് വരെ ഡമാസ്കസ് ഫെയർഗ്രൗണ്ടിലാണ് മേള നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

