സൗദിയും സിറിയയും ചേർന്ന് പുതിയ വിമാനകമ്പനി ആരംഭിക്കുന്നു, 750 കോടി റിയാൽ മുതൽ മുടക്കിൽ ‘നാസ് സിറിയ’
text_fields‘നാസ് സിറിയ’ വിമാന കമ്പനിയെ കുറിച്ച് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പ്രഖ്യാപിക്കുന്നു
റിയാദ്: സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക-വ്യോമയാന ബന്ധങ്ങളിൽ പുതിയ ചരിത്രമെഴുതി സംയുക്ത വിമാന കമ്പനി സ്ഥാപിക്കുന്നു. സൗദിയിലെ പ്രമുഖ ബജറ്റ് എയർലൈനായ ഫ്ലൈനാസും സിറിയൻ സിവിൽ ഏവിയേഷനും കൈകോർക്കുന്ന പുതിയ സംരംഭം ‘നാസ് സിറിയ’ എന്ന പേരിലായിരിക്കും അറിയപ്പെടുക. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.
750 കോടി സൗദി റിയാൽ മുതൽ മുടക്കിയാണ് വിമാന കമ്പനി ആരംഭിക്കുന്നത്. സിറിയയിലെ വിമാനത്താവളങ്ങളുടെ വികസനവും വ്യോമയാന സൗകര്യങ്ങൾ വർധിപ്പിക്കലുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പുതിയ വിമാന കമ്പനി സ്ഥാപിക്കുന്നതിനൊപ്പം സിറിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്. 750 കോടി റിയാൽ നിക്ഷേപത്തിലൂടെ പഴയതും പുതിയതുമായ അലപ്പോ വിമാനത്താവളങ്ങൾ വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കും. വിമാനത്താവളങ്ങൾ പൂർണതോതിൽ സജീവമാക്കുന്നതിലൂടെ മേഖലയിലെ യാത്രാ-ചരക്ക് നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം.
‘ഫ്ലൈനാസിനെപ്പോലെ ആഗോളതലത്തിൽ മികവ് തെളിയിച്ച ഒരു കമ്പനിയുടെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത് അഭിമാനകരമാണ്. സൗദിക്ക് പുറത്ത് സിറിയയിലാണ് കമ്പനി ആദ്യമായി ഇത്തരമൊരു വലിയ നിക്ഷേപം നടത്തുന്നത്.’ -സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി. സിറിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പൂർണ സഹകരണത്തോടെ, മറ്റ് പ്രമുഖ സൗദി കമ്പനികളെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു ‘സൗദി സഖ്യമായിരിക്കും’ ഈ പദ്ധതിക്ക് നേതൃത്വം നൽകുക. പശ്ചിമേഷ്യയിലെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്കും തൊഴിലവസരങ്ങൾക്കും ഈ പുതിയ നീക്കം വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

