പരസ്പരം വിസ ഇളവ് അനുവദിക്കുന്ന കരാറിൽ സൗദിയും റഷ്യയും ഒപ്പുവെച്ചു
text_fieldsപരസ്പരം വിസ ഇളവ് അനുവദിക്കുന്ന കരാറിൽ സൗദിയും റഷ്യയും ഒപ്പുവെച്ചപ്പോൾ
റിയാദ്: ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പരസ്പരം സന്ദർശിക്കുന്നതിനുള്ള വിസകളിൽ ഇളവ് നൽകുന്നതിനുള്ള കരാറിൽ സൗദി അറേബ്യയും റഷ്യയും ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-റഷ്യൻ നിക്ഷേപ, ബിസിനസ് ഫോറത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കുമാണ് കരാർ ഒപ്പുവെച്ചത്.
സൗദി ഊർജ മന്ത്രിയും ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതിയുടെ തലവനുമായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.എല്ലാ മേഖലകളിലും സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ഭരണകൂട താൽപ്പര്യത്തിന്റെയും സൗദിയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന വിശിഷ്ട ബന്ധങ്ങളുടെയും വെളിച്ചത്തിലാണ് കരാർ.
കരാർ പ്രകാരം ടൂറിസം, ബിസിനസ് സന്ദർശനങ്ങൾ, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്ക് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് മുൻകൂർ വിസ ആവശ്യമില്ലാതെ തന്നെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാൻ കഴിയും.
ഇരു രാജ്യങ്ങളും തമ്മിൽ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി. ഇത് ഇടപെടലുകൾക്ക് വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നു. ടൂറിസം, സാമ്പത്തികം, സാംസ്കാരികം എന്നീ രംഗങ്ങളിലെ വിനിമയത്തിനുള്ള അവസരങ്ങളെ പിന്തുണക്കുകയും പങ്കിട്ട ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പാസ്‌പോർട്ട് ഉടമകൾക്ക് ഒരു വർഷത്തിനുള്ളിൽ തുടർച്ചയായോ വെവ്വേറെയോ 90 ദിവസം വരെ താമസിക്കാൻ അനുവദിക്കുന്നതാണ് പരസ്പര വിസ ഇളവ് കരാർ. എന്നാൽ ജോലി, പഠനം, സ്ഥിരതാമസം, ഹജ്ജ് എന്നിവക്കായി എത്തുന്നവരെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ നിശ്ചിത നടപടിക്രമങ്ങൾക്കനുസൃതമായി ഉചിതമായ വിസ നേടേണ്ടത് ആവശ്യമാണ്.
സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ളവരെ ഉൾപ്പെടുത്തി സൗദി വിസ ഇളവ് കരാറിൽ ഒപ്പുവെച്ച ആദ്യ രാജ്യമാണ് റഷ്യ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് വദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

