മൂന്നര വർഷത്തിന് ശേഷം അതിർത്തി തുറന്നിട്ടു; ഖത്തറിൽ നിന്ന് സൗദിയിലേക്ക് വാഹനങ്ങളെത്തി
text_fieldsഖത്തറിൽ നിന്നെത്തിയ യാത്രക്കാരെ സൗദി അറേബ്യയുടെ സൽവ ചെക്ക് പോസ്റ്റിൽ കസ്റ്റംസ് അധികൃതർ പൂക്കൾ നൽകി വരവേൽക്കുന്നു
ജിദ്ദ: ഖത്തറിൽ നിന്ന് സൗദിയിലേക്ക് ആളുകളെത്തി തുടങ്ങി. ശനിയാഴ്ച രാവിലെയാണ് സാൽവ പ്രവേശന കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദിയിലേക്ക് പ്രവേശിച്ചത്. അതിർത്തി കവാടം തുറന്നതോടെ നിരവധി പേർ ഖത്തറിൽ നിന്ന് സൗദിയിലെത്തി. പൂക്കൾ നൽകിയാണ് ആദ്യമെത്തിയവരെ കസ്റ്റംസ് അധികൃതർ സ്വീകരിച്ചത്. ശനിയാഴ്ച പുലർച്ചെ ഖത്തർ പൗരെൻറ വാഹനമാണ് ആദ്യം സൗദിയിൽ പ്രവേശിച്ചത്.
ഖത്തറിൽ നിന്നും അബൂ സംറ അതിർത്തി കടന്ന് സൗദിയിലെ സൽവ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാവരേയും സ്വീകരിക്കാൻ സജ്ജമാണെന്ന് സൗദി കസ്റ്റംസ് അധികൃതർ അറിയിച്ചു.കസ്റ്റംസ്, ആരോഗ്യ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആളുകളെ പ്രവേശന കവാടം വഴി കടത്തിവിട്ടത്. അതിർത്തികൾ തുറക്കാനുള്ള തീരുമാനം വന്ന ഉടനെ യാത്രക്കാരെ സ്വീകരിക്കാനാവശ്യമായ നടപടികൾ വിവിധ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ച് കസ്റ്റംസ് വകുപ്പ് കവാടങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ആവശ്യമായ സാേങ്കതിക സംവിധാനങ്ങൾ ഒരുക്കുകയും ജോലിക്കാരെയും നിയോഗിക്കുകയും ചെയ്തിരുന്നു.
മൂന്നര വർഷത്തിലേറെയായി അടച്ചിട്ട കവാടമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അൽഉല ഉച്ചകോടിയിലാണ് സൗദിയും ഖത്തറും തമ്മിൽ കര, വ്യോമ, കടൽ അതിർത്തികൾ തുറക്കാനുള്ള ധാരണയിലെത്തിയത്. ഖത്തറിനും യു.എ.ഇക്കുമിടയിലെ കര, കടൽ, വ്യോമ കവാടങ്ങളും തുറന്നു. അതിർത്തികൾ തുറന്ന നടപടിയെ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫ് സ്വാഗതം ചെയ്തു. അൽഉല ഉച്ചകോടിയുടെ ഫലമായാണ് നടപടി. ഗൾഫ് സഹകരണ കൗൺസിലിെൻറ ശക്തിയും ഉൗർജ്ജസ്വലതയും അതിെൻറ െഎക്യവും വർധിപ്പിക്കുന്നതിനും നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വലിയ ശ്രദ്ധയും താൽപര്യവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും വിവേകത്തോടെ മറിക്കടക്കാനുള്ള ഗൾഫ് രാഷ്ട്ര നേതാക്കളുടെ കഴിവുകളും പ്രകടിപ്പിക്കുന്നതാണിത്.
കൗൺസിൽ വെല്ലുവിളികൾ നേരിടുേമ്പാൾ എല്ലായിപ്പോഴും അവലംബിക്കുന്ന അഭയ സ്ഥാനമാണ് ഗൾഫ് രാഷ്ട്രനേതാക്കൾ. പുതിയ ചുവടുവെപ്പിൽ ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾ സന്തുഷ്ടരാണ്. പ്രതീക്ഷയോടും അഭിലാഷങ്ങളോടും കൂടി ഭാവിയിലേക്കവർ ഉറ്റുനോക്കുകയാണ്. പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. രാജ്യങ്ങളെയും ജനങ്ങളെയും സേവിക്കുന്നതിനും വികസനം, പുരോഗതി, സുരക്ഷ, സ്ഥിരത എന്നിവയിലേക്ക് നയിക്കുന്നതിനും ഇത് സഹായിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

