യു.എസ്-ഇറാൻ ചർച്ചകൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ
text_fieldsറിയാദ്: അമേരിക്കയും ഇറാനും തമ്മിൽ നടന്നു വരുന്ന ചർച്ചകൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ, ഈജിപ്ത്, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും മുൻനിർത്തി ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയാക്കണമെന്ന് നാല് രാജ്യങ്ങളും ആവശ്യപ്പെട്ടു.
ഇറാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ച ചെയ്യുന്നതിനായി റിയാദിൽ ചേർന്ന പ്രതിനിധി യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്. മേഖലയിൽ ദീർഘകാല സമാധാനത്തിന് വഴിതുറക്കുന്ന രീതിയിൽ യുഎസ്-ഇറാൻ കരാർ നടപ്പിലാക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള ശ്രമങ്ങൾക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പങ്കെടുത്ത രാജ്യങ്ങൾ വ്യക്തമാക്കി. നിലവിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്ന് പ്രസ്താവന അടിവരയിടുന്നു.
അതേസമയം, മിഡിൽ ഈസ്റ്റിൽ സമഗ്രമായ സമാധാനവും സ്ഥിരതയും കൈവരിക്കണമെങ്കിൽ ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് നാല് രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കുന്ന നീതിയുക്തമായ ഒരു ഒത്തുതീർപ്പിലെത്താൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. രാഷ്ട്രീയ-സുരക്ഷാ സ്ഥിരത ലക്ഷ്യമിട്ട് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നയതന്ത്ര നീക്കങ്ങൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ സംയുക്ത പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

