സൗദിയും ഇറ്റലിയും സ്ട്രാറ്റജിക് പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കാൻ കരാറൊപ്പിട്ടു
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിന മെലോനിയും അൽഉലയിൽ
റിയാദ്: സൗദി അറേബ്യയും ഇറ്റലിയും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിന മെലോനിയും തമ്മിലാണ് അൽഉലയിൽ നടന്ന കൂടിക്കാഴ്ചയിൽ കരാറൊപ്പിട്ടത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെയായിരുന്നു പുതിയ നീക്കം.
അൽഉലയിലെ ശീതകാല ക്യാമ്പിൽ കിരീടാവകാശി ഇറ്റാലിയൻ പ്രധാനമന്ത്രിയെയും കൂടെയുള്ള സംഘത്തെയും സ്വീകരിച്ചു. സ്വീകരണ വേളയിൽ സൗദിയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും വിവിധ മേഖലകളിൽ അവയെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. പൊതുവായ താൽപര്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പൊതുതാൽപര്യമുള്ള വിഷയങ്ങൾ, അവക്കുവേണ്ടിയുള്ള ശ്രമങ്ങൾ എന്നിവയും ചർച്ചചെയ്തു.
1932ൽ സൗദി അറേബ്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ജിദ്ദയിൽ ഇറ്റാലിയൻ കോൺസുലേറ്റ് തുറന്നതു മുതൽ ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ട്. 1933ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു സഹകരണ കരാർ ഒപ്പുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജോർജിന മെലോനിയയുടെ ആദ്യ സൗദി സന്ദർശനമാണിത്. ഞായറാഴ്ചയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിന മെലോനിയ സൗദിലെത്തിയത്.
അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താം, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, മേഖലയിലെ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ ഇബ്രാഹിം ബിൻ അബ്ദുല്ല ബെറി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

