സൗദിയും ഇന്ത്യയും ഹജ്ജ് കരാർ ഒപ്പിട്ടു, ഇന്ത്യൻ ക്വോട്ട 1,75,025
text_fieldsസൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും ഇന്ത്യൻ പാർലമെൻററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും ഹജ്ജ് കരാറിൽ ഒപ്പുവെച്ചപ്പോൾ
ജിദ്ദ: 2026-ലെ സൗദി-ഇന്ത്യ ഹജ്ജ് ഉഭയകക്ഷികരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും ഇന്ത്യൻ പാർലമെൻററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവുമാണ് ഞായറാഴ്ച ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ അതെ ക്വോട്ടയായ 1,75,025 തീർഥാടകർ തന്നെയാണ് ഇന്ത്യയിൽനിന്ന് ഹജ്ജിനെത്തുക.
ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങൾ, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. തീർഥാടനം സുഗമവും സുഖകരവുമാക്കാൻ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഹജ്ജ് ഒരുക്കം വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജിജു റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകനയോഗം നടത്തി.
ഇന്ത്യൻ തീർഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാൻ സൗദി അധികൃതരുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളായ ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ത്വാഇഫിലെ വിവിധ പ്രദേശങ്ങളിലും അദ്ദേഹം സന്ദർശനം നടത്തുകയും തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ജിദ്ദയിലും ത്വാഇഫിലുമുള്ള ഇന്ത്യൻ സമൂഹവുമായും മന്ത്രി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

