സൗദിയും ബ്രിട്ടനും സുരക്ഷ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsസൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി
യെവെറ്റ് കൂപ്പറും ഇരു രാജ്യങ്ങളും സുരക്ഷ കരാറുകളിൽ ഒപ്പിട്ടപ്പോൾ
റിയാദ്: ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ സൗദി അറേബ്യയും ബ്രിട്ടനും സുരക്ഷ കരാറുകളിൽ ഒപ്പുവെച്ചു. ലണ്ടനിൽ വെച്ചാണ് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറും ഇരു രാജ്യങ്ങളും തമ്മിൽ ഭാവി സഹകരണവുമായി ബന്ധപ്പെട്ട നിരവധി സുരക്ഷ കരാറുകളിൽ ഒപ്പുവെച്ചത്. സൗദി കിരീടാവകാശിയുടെ നിർദേശപ്രകാരം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സുരക്ഷ സംബന്ധമായ നിരവധി വിഷയങ്ങൾ അവർ ചർച്ച ചെയ്തു.
സൗദി-ബ്രിട്ടീഷ് സഹകരണ പരിപാടിയുടെ (ജെ.പി.ഒ) സംയുക്ത സുരക്ഷ കൗൺസിൽ യോഗത്തിൽ അജണ്ടയിലെ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തതായി സൗദി ആഭ്യന്തര മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. എല്ലാ സുരക്ഷ മേഖലകളിലെയും തുടർച്ചയായ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ചട്ടക്കൂടിനുള്ളിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ സഹകരണം വർധിപ്പിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. എല്ലാത്തരം സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിൽ ബ്രിട്ടനുമായി സഹകരണം വർധിപ്പിക്കാനും ഇരുവശത്തുമുള്ള വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്തു പ്രവർത്തിക്കാനുമുള്ള സൗദി ഗവൺമെന്റിന്റെ താൽപ്പര്യം മന്ത്രി ചൂണ്ടിക്കാട്ടി.
ഒപ്പുവെച്ച കരാറുകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷ സഹകരണത്തിന്റെ മേഖലകളിൽ ഉണ്ടായ പുരോഗതി മന്ത്രി വിശദീകരിച്ചു. സുരക്ഷ മേഖലയിൽ ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് സംഭാവന നൽകുന്നതിനായി സംയുക്ത സുരക്ഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും ആഭ്യന്തര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

