പൂർണ ചന്ദ്രഗ്രഹണത്തിന് സൗദി അറേബ്യയും സാക്ഷ്യംവഹിച്ചു
text_fieldsഞായറാഴ്ച സൗദിയിൽ അനുഭവപ്പെട്ട ചന്ദ്രഗ്രഹണം മക്ക മസ്ജിദുൽ ഹറാമിൽ നിന്നുള്ള ദൃശ്യം
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച്ച അനുഭവപ്പെട്ട ചന്ദ്രഗ്രഹണം അതിന്റെ പൂർണാവസ്ഥയിൽ സൗദിയിലും ദൃശ്യമായി. ഭൂമിയുടെ നിഴൽ പതിച്ച് ചന്ദ്രൻ കടുംചുവപ്പായി മാറിയ അപൂർവ ചന്ദ്രഗ്രഹണത്തിന് സൗദിയിലെ മുഴുവൻ പ്രദേശത്തുള്ളവരും സാക്ഷികളായി.
ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവയുടെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം പൂർണമായും ദൃശ്യമായിരുന്നു. സൗദിയിൽ ചന്ദ്രഗ്രഹണം ഏകദേശം 83 മിനിറ്റ് നീണ്ടു. സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ട പൂർണ ചന്ദ്രഗ്രഹണം. സൗദി സമയം വൈകീട്ട് 7.27ന് ഭാഗിക ഗ്രഹണം ആരംഭിച്ചു. രാത്രി 8.30ന് ആരംഭിച്ച് 9.53ന് പൂർണ ഗ്രഹണം അവസാനിച്ചു. 11.57 ഓടെ ചന്ദ്രഗ്രഹണം പൂർണമായും അവസാനിച്ചു.
ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയും. ചുവപ്പ്, ചെമ്പ് നിറങ്ങളിൽ ചന്ദ്രൻ തിളങ്ങിയിരുന്നു. ഇത് ആകാശ നിരീക്ഷകർക്ക് അതിശയകരമായ കാഴ്ച ആയിരുന്നു. 2018 മുതൽ കാണാത്ത ഈ അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ജ്യോതിശാസ്ത്ര പ്രേമികളും ഫോട്ടോഗ്രാഫർമാരും സാധാരണ ജനങ്ങളുമെല്ലാം ആകാശത്തേക്ക് കണ്ണുംനട്ടിരുന്നു.
ദൂരദർശിനികളും ജ്യോതിശാസ്ത്ര കാമറകളും ഉപയോഗിച്ച് പലരും ഗ്രഹണത്തെ വീക്ഷിച്ചെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് പ്രതിഭാസം നിരീക്ഷിക്കാനുള്ള സുവർണാവസരം ഉണ്ടായത് കൊണ്ട് കുട്ടികൾ ഉൾപ്പെടെ ഗ്രഹണം കാണാൻ പുറത്തിറങ്ങിയിരുന്നു.
ഗ്രഹണസമയത്ത് ചന്ദ്രന് ലഭിക്കുന്ന ചുവപ്പ് നിറം ഭൂമിയുടെ അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തിന്റെ അപവർത്തനത്തിന്റെ ഫലമായാണ് സംഭവിച്ചതെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മജീദ് അബു സഹ്‌റ പറഞ്ഞു. നീലതരംഗ ദൈർഘ്യങ്ങൾ ഫിൽട്ടർ ചെയ്യപ്പെടുന്നു, ഇത് ചന്ദ്രോപരിതലത്തെ പ്രകാശിപ്പിക്കുന്നതിന് ചുവപ്പും ഓറഞ്ചും നിറം നൽകുന്നു.
ഞായറാഴ്ചയിലെ ചന്ദ്രഗ്രഹണം ഈ ദശകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണങ്ങളിൽ ഒന്നാണെന്നും അതിന്റെ പൂർണ ഘട്ടം ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഇത് നിരീക്ഷകർക്ക് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങളുടെ തുടർച്ചയായ ചിത്രങ്ങളും വിഡിയോകളും പകർത്താൻ അവസരം നൽകിയതായും അബു സഹ്‌റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

