കൊളംബിയക്കെതിരെ സൗദി അറേബ്യ; ഗോലാൻ കുന്നുകളിലെ ഇസ്രായേൽ അധിനിവേശം അംഗീകരിച്ചത് അപലപനീയം
text_fieldsറിയാദ്: അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾക്ക് മേലുള്ള ഇസ്രായേലിെൻറ പരമാധികാരം കൊളംബിയൻ സർക്കാർ അംഗീകരിച്ച നടപടിയെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. കൊളംബിയയുടെ നിലപാടിനോട് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയ സൗദി വിദേശകാര്യ മന്ത്രാലയം, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട രാജ്യാന്തര തീരുമാനങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമാക്കി. ഈ അംഗീകാരം യു.എൻ ചട്ടങ്ങൾക്കും, പ്രത്യേകിച്ച് 1981ൽ പാസാക്കിയ സുരക്ഷാ കൗൺസിൽ പ്രമേയം 497നും നേരിട്ട് എതിരാണ്. അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾക്ക് മേൽ ഇസ്രായേൽ തങ്ങളുടെ നിയമങ്ങളും ഭരണസംവിധാനങ്ങളും അടിച്ചേൽപ്പിക്കുന്നത് അസാധുവാണെന്നും അതിന് യാതൊരു നിയമപരമായ സാധുതയുമില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗോലാൻ കുന്നുകളെ സംബന്ധിച്ച ഉറച്ച അന്താരാഷ്ട്ര നിലപാടിൽനിന്നുള്ള വ്യതിചലനമാണ് ഇത്തരം തീരുമാനങ്ങളെന്നും ഇത് മേഖലയിൽ സമാധാനം കൈവരിക്കാൻ സഹായിക്കുകയില്ലെന്നും സൗദി വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയെ ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കുകയും, പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുകയും ചെയ്യും. ഗോലാൻ കുന്നുകൾ എന്നത് അധിനിവേശ അറബ് സിറിയൻ ഭൂമിയാണെന്ന ഉറച്ച നിലപാട് ആവർത്തിച്ച റിയാദ്, പ്രദേശത്തിെൻറ നിയമപരമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഏത് നടപടികൾക്കും തീരുമാനങ്ങൾക്കും യാതൊരു അവകാശമോ നിയമസാധുതയോ ഉണ്ടാകില്ലെന്നും എടുത്തുപറഞ്ഞു.
ഈ സാഹചര്യത്തിൽ കൊളംബിയൻ സർക്കാർ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിക്കാൻ തയാറാകണമെന്നും സൗദി ആവശ്യപ്പെട്ടു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും നീതിയുക്തവും ശാശ്വതവുമായ സമാധാനവും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കൊളംബിയ മുൻകൈയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

