ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികവാർന്ന നേട്ടവുമായി സൗദി
text_fieldsയാംബു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ ആഗോളതലത്തിൽ മികവ് നേടി സൗദി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫലപ്രദമായ ശ്രമങ്ങളും ബ്രഹത്തായ പദ്ധതികളുമാണ് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ എ.ഐ മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമാക്കിയത്. സൗദിയുടെ സമ്പൂർണ പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽപെട്ട ഒന്നാണ് നിർമിത ബുദ്ധിയിൽ രാജ്യത്തെ ഉന്നതിയിലെത്തിക്കുക എന്നത്. കേവലം ആറ് വർഷങ്ങൾക്കുള്ളിൽ തന്നെ എ.ഐ രംഗത്ത് സൗദിയുടെ മികവ് ഇതിനകം ആഗോള ശ്രദ്ധയാകർഷിച്ചത് മഹത്തായ നേട്ടമാണെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
ഓക്‌സ്‌ഫോർഡ് ഇൻസൈറ്റ്‌സ് തയാറാക്കിയ ഗവൺമെന്റ് എ.ഐ സന്നദ്ധതാ സൂചിക 2025ൽ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സൗദി ഒന്നാം സ്ഥാനത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തീരുമാനമെടുക്കുന്നതിനും നിയന്ത്രണ ആസൂത്രണത്തിനും ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര മാനദണ്ഡങ്ങളിൽ ഒന്നാണ് ഈ സൂചിക. സുസ്ഥിരമായ രീതിയിൽ ഗവൺമെന്റ് തലത്തിൽ എ.ഐ ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും രാജ്യത്തിന്റെ തുടർച്ചയായ ദ്രുതഗതിയിലുള്ള പുരോഗതിയെ റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നു.
ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപന സന്നദ്ധത എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലോകമെമ്പാടുമുള്ള 195 രാഷ്ട്രങ്ങളിലെ സർക്കാർ പദ്ധതികൾ വിലയിരുത്തിക്കൊണ്ടാണ് സർക്കാർ സേവനങ്ങളിൽ എ.ഐ പ്രയോജനപ്പെടുത്തി സൗദിയുടെ മുന്നേറ്റം അടയാളപ്പെടുത്തിയത്. സൗദിയിലെ ജീവിത നിലവാരം ഉയർത്തുന്നതിനും, സർക്കാർ സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ അധികൃതരുടെ വർധിച്ചുവരുന്ന പങ്കിനെ ഈ നേട്ടം അടിവരയിടുന്നു. 2019 ൽ സ്ഥാപിതമായതു മുതൽ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് രാജ്യത്തെ പരിവർത്തനത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക വളർച്ചക്കും മനുഷ്യ കഴിവുകൾ വികസിപ്പിക്കുന്നതിനും ഡാറ്റയും എ.ഐയും പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ദേശീയ ഡാറ്റയുടെ പ്രാഥമിക ഹോസ്റ്റ് എന്ന നിലയിൽ ഡിജിറ്റൽ പരിവർത്തനം പ്രാപ്തമാക്കുന്നതിനും, ദേശീയ തീരുമാനമെടുക്കലിനുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിനും സംയോജിത സർക്കാർ സേവനങ്ങൾക്കായി ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പങ്ക് നിർണായകമായതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെ രാജ്യം എ.ഐ യെ ഒരു ദേശീയ മുൻഗണനയായി എടുത്തുകാട്ടി. അതിന്റെ സാമ്പത്തിക പരിവർത്തനത്തിന്റെയും ആധുനികവൽക്കരണ അജണ്ടയുടെയും കേന്ദ്ര ബിന്ദുവായി പരിവർത്തിപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി വിലയിരുത്തുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സർക്കാർ കാര്യക്ഷമത വർധിപ്പിക്കുന്നതിലും അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ പ്രകടമായ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേട്ടങ്ങൾ തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

