സമുദ്ര സുരക്ഷയും യമൻ അവസ്ഥയും ചർച്ച ചെയ്ത് സൗദി, അമേരിക്കൻ വിദേശകാര്യ മന്ത്രിമാർ
text_fieldsസൗദി-അമേരിക്കൻ വിദേശകാര്യ മന്ത്രിമാർ വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സമുദ്ര സുരക്ഷയും യമൻ അവസ്ഥയും ചർച്ച ചെയ്തു സൗദി, അമേരിക്കൻ വിദേശകാര്യ മന്ത്രിമാർ. അമേരിക്കൻ സന്ദർശനത്തിടെ വാഷിങ്ടണിൽ വെച്ചാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തിയത്.
പ്രാദേശികവും അന്തർദേശീയവുമായ പ്രധാന സംഭവവികാസങ്ങളും പ്രത്യേകിച്ച് മേഖലയിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും യമനിലെ സ്ഥിതിഗതികളും അതിനായി നടത്തുന്ന ശ്രമങ്ങളും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വിശേഷിച്ച് ഹോർമുസ്, ബാബ് അൽമന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ചർച്ച ചെയ്തു. ഇത് മേഖലയുടെ സ്ഥിരതക്കും ആഗോള വാണിജ്യത്തിന്റെയും വിതരണ ശൃംഖലയുടെയും തടസ്സമില്ലാത്ത ഒഴുക്കിനും സംഭാവന നൽകുമെന്ന് വിലയിരുത്തി.
സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി അവ വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും യോഗം അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
പ്രാദേശിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകാനും സുരക്ഷയും സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്താനും ഇത് അത്യന്താ പേക്ഷിതമാണെന്നും പറഞ്ഞു. അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിന്ത് ബന്ദർ ബിൻ സുൽത്താൻ, ലബനീസ് കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് അമീർ യസീദ് ബിൻ മുഹമ്മദ് അൽ ഫർഹാൻ, രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് അമീർ മിസ്ഹബ് ബിൻ മുഹമ്മദ് അൽ ഫർഹാൻ, ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ദൂതൻ മനാൽ റിദ്വാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

