സൗദിയും ജപ്പാനും തമ്മിൽ ബന്ധം കരുത്തുറ്റതാക്കാൻ ധാരണ, മൂന്നാമത് തന്ത്രപ്രധാന ചർച്ച റിയാദിൽ പൂർത്തിയായി
text_fieldsറിയാദ്: സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊതെഗിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന സൗദി-ജപ്പാൻ തന്ത്രപ്രധാന സംഭാഷണത്തിെൻറ മൂന്നാം പതിപ്പിന് ഇരു വിദേശകാര്യ മന്ത്രിമാരും ചേർന്ന് നേതൃത്വം നൽകി.
പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിന് സൗദി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ചുകൊണ്ട് അമീർ ഫൈസൽ വ്യക്തമാക്കി. ജപ്പാൻ സൗദിയുടെ സുപ്രധാന സാമ്പത്തിക പങ്കാളിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള സാമ്പത്തിക അവസരങ്ങൾ പ്രയോജനപ്പെടുത്തി സൗദി-ജപ്പാൻ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിക്ഷേപം, ഊർജ്ജം, വിഭവങ്ങൾ, വിതരണ ശൃംഖലകൾ, പ്രതിരോധം, സാങ്കേതികവിദ്യ, അനുഭവസമ്പത്തും ശേഷിയും പങ്കുവെക്കൽ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കാൻ മികച്ച സാധ്യതകളാണുള്ളത്. ഇത് ഇരുരാജ്യങ്ങളുടെയും മുൻഗണനകൾക്കും പങ്കാളിത്ത ലക്ഷ്യങ്ങൾക്കും കരുത്തുപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജ്ജ മേഖലയുൾപ്പെടെ വിവിധ രംഗങ്ങളിൽ ജപ്പാന് എന്നും വിശ്വസിക്കാൻ കഴിയുന്ന പങ്കാളിയായി സൗദി അറേബ്യ തുടരും. ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും ഊർജ്ജ വിപണികളുടെയും വ്യാപാരത്തിെൻറയും സുഗമമായ നിലനിൽപ്പിനും ജപ്പാൻ നടത്തുന്ന ശ്രമങ്ങളെയും മുൻകൈകളെയും അദ്ദേഹം യോഗത്തിൽ അഭിനന്ദിച്ചു.
അന്താരാഷ്ട്ര പാതകളിലെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നത് ഇരുരാജ്യങ്ങളുടെയും സംയുക്ത മുൻഗണനകളിൽ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി എല്ലാ ആഗോള ജലപാതകളിലും കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഹുർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് തുടങ്ങിയ എല്ലാ തന്ത്രപ്രധാന സമുദ്രപാതകളും ഭീഷണികളില്ലാതെ തുറന്നുപ്രവർത്തിക്കേണ്ടതിെൻറ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.
മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന ഘടകങ്ങളെ പരിഹരിച്ചുകൊണ്ട് സുസ്ഥിരമായ നയതന്ത്ര വഴികളിലൂടെ സംഘർഷങ്ങൾ കുറയ്ക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ചർച്ചകൾക്കും നയതന്ത്രപരമായ സമാധാനശ്രമങ്ങൾക്കുമാണ് രാജ്യം മുൻഗണന നൽകുന്നത്. അന്താരാഷ്ട്ര നിയമതത്ത്വങ്ങളെ പിന്തുണയ്ക്കുന്നതിലും മാനുഷിക-വികസന രംഗങ്ങളിൽ ജപ്പാൻ നൽകുന്ന സംഭാവനകളിലും വിദേശകാര്യ മന്ത്രി കൃതജ്ഞത അറിയിച്ചു.
റിയാദിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിലും ഉച്ചകോടിയിലും ജപ്പാനിലെ സൗദി അംബാസഡർ ഡോ. ഗാസി ബിൻ ഫൈസൽ ബിൻ സഖർ, ഏഷ്യൻ രാജ്യങ്ങളുടെ കാര്യങ്ങൾക്കായുള്ള ജനറൽ ഡയറക്ടറേറ്റ് തലവൻ അംബാസഡർ നാസർ അൽ ഗനൂം എന്നിവരും പങ്കെടുത്തു.
ഫോട്ടോ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊതെഗി സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

