പൊതുമാപ്പ്: രണ്ടായിരത്തിേലറെ പേർ ഇന്ത്യയിലേക്ക്
text_fieldsജിദ്ദ: സൗദിയിൽ പൊതുമാപ്പിെൻറ രണ്ടാം ദിനം പിന്നിടുേമ്പാൾ രണ്ടായിരത്തിലേറെ പേർ ഇന്ത്യയിലേക്ക് തിരിക്കാൻ ഒരുങ്ങിയെത്തി. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും രണ്ടു ദിവസത്തിനകം നാടണയാൻ തയാറായി എത്തിയത് രണ്ടായിരത്തിലധികം പേരാണ്. ധാരാളം പേർ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് ആദ്യ രണ്ടു ദിവസത്തെ കണക്ക് സൂചിപ്പിക്കുന്നത്. ഇന്നലെ മുതൽ കൂടുതൽ പേർക്ക് നാട്ടിലേക്ക് പോകാൻ എക്സിറ്റ് ലഭിച്ചു. ബുധനാഴ്ച നടപടികൾ പൂർത്തിയാക്കിയവർക്കാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങാനായത്. വീണ്ടും ശരിയായ വിസയിൽ സൗദിയിലേക്ക് തിരിച്ചു വരാൻ അവസരമുണ്ട് എന്ന സന്തോഷത്തിലാണ് ഇത്തവണത്തെ പൊതുമാപ്പിന് ഒളിപ്രവാസികൾ സ്വദേശത്തേക്ക് മടങ്ങുന്നത്.
സൗദിയിലെ ഏറ്റവും വലിയ തർഹീലായ മക്ക ഷുമൈസി ക്യാമ്പിൽ ജിദ്ദ കോൺസുലേറ്റ് മുഖാന്തരം എത്തിയ ഇന്ത്യക്കാർക്ക് വ്യാഴാഴ്ച എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനായി. ഇനി തടസ്സങ്ങളൊന്നുമില്ലാതെ ഇത്തരക്കാർക്ക് നാട്ടിലേക്ക് മടങ്ങാം. നേരത്തെ അറിയിച്ചതുപോലെ ഹജ്ജ് ,ഉംറ വിസിറ്റിങ് വിസക്കാർക്ക് വിമാനടിക്കറ്റുമായി നേരിട്ട് എയർപോർട്ടിലെത്തി നാട്ടിലേക്ക് തിരിക്കാൻ സാധിക്കുന്നുണ്ട്. ആദ്യദിനത്തിൽ ആയിരത്തിലേറെ പേരാണ് റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും എത്തിയത്. രണ്ടാം ദിനത്തിലും അത്ര തന്നെ എത്തി. എംബസിയിലാണ് കൂടുതൽ പേരെത്തിയത്. ഇത് കൂടാതെ ദമാം, ബുറൈദ, അബഹ, യാമ്പു എന്നിവിടങ്ങളിൽ നിരവധിപേർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനക്കാർക്ക് പൊതുമാപ്പിനെ കുറിച്ച ബോധവത്കരണം വേണ്ടത്ര ലഭിക്കുന്നില്ല എന്ന പ്രശ്നമുണ്ട്. മലയാളികൾക്ക് മാധ്യമങ്ങൾ വഴി ലഭിക്കുന്ന പിന്തുണയും സഹായസഹകരണങ്ങളും മറ്റ് സംസ്ഥാനക്കാർക്ക് കിട്ടുന്നില്ല. അവരുടെ സാമൂഹികസംഘടനകളും മലയാളികളുടേത് പോലെ അത്ര സജീവമല്ല. അതേ സമയം മലയാളികൾ സംഘടിപ്പിക്കുന്ന ഹെൽപ് െഡസ്കുകളെ സമീപിക്കുന്ന ഏത് ഭാഷക്കാരെയും സഹായിക്കാൻ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങൾ അവധിയായതിനാൽ ഹെൽപ് ഡെസ്കുകൾ കൂടുതൽ സജീവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃത താമസക്കാർ പൊതുമാപ്പിെൻറ സുവർണാവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് വീണ്ടും അഭർഥിച്ചു. കോൺസുലേറ്റിനെ സമീപിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ട എല്ലാ സഹായങ്ങളും ഒരുക്കിയതായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
