പൊതുമാപ്പ് തീരാൻ 30 ദിവസം കൂടി; കർശന തൊഴിൽ പരിശോധനക്ക് ഉത്തരവ്
text_fieldsദമ്മാം: പൊതുമാപ്പ് കാലാവധി 30ദിവസം മാത്രം ബാക്കിയിരിക്കെ ആഭ്യന്തര മന്ത്രാലയം ശക്തമായ തൊഴിൽ പരിശോധനക്ക് ഉത്തരവിട്ടു.
അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക പരിശോധനാ കാമ്പയിന് ദമ്മാമിൽ കാമ്പയിൻ മേധാവിയും ആഭ്യന്തര മന്ത്രാലയം അസി. ഡയറക്ടറുമായ മേജർ ജനറൽ ജുമആൻ അൽ ഗാമിദി തുടക്കം കുറിച്ചു. പൊതു മാപ് അവസാനിക്കുന്നത് വരെ നഗരങ്ങളിലും, ഉൾപ്രദേശങ്ങളിലും തൊഴിൽ പരിശോധന സംഘടിപ്പിക്കുമെന്ന് അൽ ഗാമിദി അറിയിച്ചു.
കാമ്പയിെൻറ തുടക്കം എന്ന നിലയിൽ പ്രവിശ്യയിലെ വ്യവസായികളുമായി ചർച്ച നടത്തി. തങ്ങളുടെ കീഴിലുള്ളവരുടെ ഇഖാമ, അവർ ചെയ്യുന്ന ജോലി എന്നിവ കൃത്യമാണ് എന്ന് വ്യവസായികൾ ഉറപ്പ് വരുത്തണം. പൊതുമാപ്പിന് ശേഷം മതിയായ രേഖകൾ ഇല്ലാതെ പിടിക്കപ്പെട്ടാൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും അൽ ഗാമിദി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ രണ്ട് മാസത്തിനകം മൂന്നുലക്ഷത്തോളം അനധികൃത താമസക്കാർ പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 49,000 പേർ രാജ്യം വിട്ടു. നിലവിലെ പ്രത്യേക പരിശോധനയിൽ പോലീസ്, അർധ സേന വിഭാഗം, ട്രാഫിക് പോലീസ്, തൊഴിൽ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവ പങ്കടുക്കും. റമദാൻ മാസത്തിന് ശേഷം ഒരു അനധികൃത തൊഴിലാളികളും ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സുരക്ഷാ ഏജൻസികളുടെ ഉത്തരവാദിത്തമായിരിക്കും എന്നും അൽ ഗാമിദി സൂചിപ്പിച്ചു. രാജ്യത്തെ എല്ലാ നാടുകടത്തൽ കേന്ദ്രങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരെ നീയിഗിച്ചിട്ടുണ്ട്. ബാക്കിയുള്ള അനധികൃത താമസക്കാർ കൂടുതൽ ഇളവിന് കാത്തുനിൽക്കാതെ ഉടൻ തന്നെ രാജ്യം വിടണമെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘകർക്ക് താമസ സൗകര്യം ഒരുക്കുന്നവരും നിയമ നടപടികൾക്ക് വിധേയമാവും. ഇത്തരക്കാരെ ജോലിക്ക് നിർത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് അൽ ഗാമിദി പറഞ്ഞു. ദമ്മാം തർഹീലിൽ സേവനമനുഷ്ഠിക്കുന്ന നിരവധി മലയാളി സാമൂഹിക പ്രവർത്തകരുമായി അധികൃതർ ചർച്ച ചെയ്തു. ഇന്ത്യൻ സാമൂഹിക പ്രവർത്തകരുടെ സേവനത്തെ അദ്ദേഹം അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
